റിയാദ്: സൗദി അറേബ്യയിലെ അസീർ മേഖലയിൽ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറുപേർ മരണപ്പെട്ടു. പത്തുപേരടങ്ങുന്ന കുടുംബം സഞ്ചരിച്ച വാഹനമാണ് പർവത പാതയിൽ അപകടത്തിൽ പെട്ടത്. പരിക്കേറ്റ നാല് പേർ ചികിത്സയിലാണ്.
അസീർ മേഖലയിലെ അഖബത് അൽ-ജഅദ പർവത പാതയിലാണ് അപകടം ഉണ്ടായത്. നാല് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവർ അടുത്തുള്ള ആശുപത്രികളിൽ ചികിത്സയിലാണ്. മരണപ്പെട്ടവരുടെ സ്വദേശം ഏതാണെന്ന് ഇത് വരെ വ്യക്തമായിട്ടില്ല. ബല്ലഹ്മർ ഗവർണറേറ്റിനെയും തിഹാമ മേഖലയെയും ബന്ധിപ്പിക്കുന്ന ജഅദ പർവതപാതയിലൂടെയുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. യാത്രക്കാരുമായി പോയ വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ കുത്തനെയുള്ള പാറക്കൊക്കയിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. അപകടസ്ഥലത്തുവെച്ചുതന്നെ ആറു പേർ മരണപ്പെട്ടിരുന്നു.
പരിക്കേറ്റ നാലുപേരെയും രക്ഷാപ്രവർത്തകരാണ് ആശുപത്രിയിലെത്തിച്ചത്. ദുര്‍ഘടമായ ഭൂപ്രകൃതിയായതിനാൽ രക്ഷാപ്രവർത്തനവും ഏറെ ശ്രമകരമായിരുന്നു. സമുദ്രനിരപ്പിൽ നിന്ന് 2,500 മീറ്ററിലധികം ഉയരത്തിലുള്ള ജഅദ പർവതപാത തെക്കുപടിഞ്ഞാറൻ സൗദിയിലെ ഏറ്റവും അപകടസാധ്യതയുള്ള റോഡുകളിലൊന്നാണ്. കുത്തനെയുള്ള വളവുകളും ഇറക്കങ്ങളും വർഷത്തിലെ മിക്ക ദിവസങ്ങളിലും അനുഭവപ്പെടുന്ന കനത്ത മൂടൽമഞ്ഞും ഈ പാതയിലെ യാത്ര ദുഷ്കരമാക്കുന്നുണ്ട്. റോഡിന്റെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും ഇത്തരം പർവതപാതകളിലൂടെ യാത്ര ചെയ്യുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.









Leave a Reply