Advertisement

പകർച്ചവ്യാധികളില്ലാതെ ഈ വർഷത്തെ ഹജ്ജ് സീസൺ; തീർഥാടകരുടെ ആരോഗ്യം സുരക്ഷിതം

ജിദ്ദ: ഇത്തവണത്തെ ഹജ്ജ് സീസൺ പകർച്ചവ്യാധികളോ മറ്റ് പൊതുജനാരോഗ്യ ഭീഷണികളോ ഇല്ലാതെ പൂർണ വിജയകരമായി പൂർത്തിയായതായി സൗദി ആരോഗ്യ മന്ത്രാലയം.

വിശുദ്ധ ഭൂമിയിലെത്തിയ ലക്ഷക്കണക്കിന് തീർഥാടകരുടെ ആരോഗ്യനില സുരക്ഷിതവും തൃപ്തികരവുമായിരുന്നുവെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. ഹജ്ജ് നിർവഹണം എല്ലാ സംഘടനാ തലങ്ങളിലും വൻ വിജയമായിരുന്നുവെന്ന ഔദ്യോഗിക പ്രഖ്യാപനങ്ങൾക്ക് പിന്നാലെയാണ് ആരോഗ്യ രംഗത്തെ ഈ വലിയ നേട്ടവും രാജ്യം വ്യക്തമാക്കിയത്.

തീർഥാടകരുടെ ആരോഗ്യ സംരക്ഷണത്തിനായി സൗദി ഭരണകൂടം നൽകുന്ന വലിയ പ്രാധാന്യത്തിന്റെ പ്രതിഫലനമാണ് ഈ വിജയമെന്ന് ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജിൽ പറഞ്ഞു. ഇത്രയും വലിയൊരു ആഗോള മാനവ സംഗമത്തിൽ മനുഷ്യന്റെ ആരോഗ്യം സംരക്ഷിക്കുക എന്ന അന്താരാഷ്ട്ര ഉത്തരവാദിത്തം സൗദി കൃത്യമായി മനസ്സിലാക്കുന്നുണ്ടെന്നും വിവിധ സർക്കാർ ഏജൻസികളുടെ ഏകോപിപ്പിച്ചുള്ള പ്രവർത്തനമാണ് ഇതിന് സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എബോള, ഹന്റാ വൈറസ് തുടങ്ങിയ മാരക പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഇത്തവണ ഹജ്ജ് സീസൺ എത്തിയത്.

കൃത്യമായ മുൻകരുതലുകൾ, അതിവേഗത്തിലുള്ള എപ്പിഡെമിയോളജിക്കൽ സർവൈലൻസ്, വിമാനത്താവളങ്ങളിലും അതിർത്തികളിലും ഏർപ്പെടുത്തിയ കർശന പരിശോധനകൾ എന്നിവ കാരണം ഹജ്ജ് വേളയിൽ ഒരു തീർഥാടകന് പോലും ഇത്തരം പകർച്ചവ്യാധികളുടെ ലക്ഷണങ്ങളോ രോഗബാധയോ സ്ഥിരീകരിച്ചിട്ടില്ല. മാത്രമല്ല, ആരോഗ്യ മേഖലയിലെ ജീവനക്കാർ 24 മണിക്കൂറും സജീവമായി രംഗത്തുണ്ടായിരുന്നു.

അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ, അടിയന്തര സേവനങ്ങൾ, ബോധവൽക്കരണ പരിപാടികൾ എന്നിവയാണ് പ്രതിരോധത്തിനായി മന്ത്രാലയം ഒരുക്കിയത്. സുഗമമായ ആരോഗ്യ പരിപാലനത്തിന് പിന്തുണ നൽകിയ സുപ്രീം ഹജ്ജ് കമ്മിറ്റി, മക്കയിലെയും മദീനയിലെയും ഹജ്ജ്-ഉംറ സ്ഥിരം സമിതികൾ, സുരക്ഷാ സേനകൾ, മെഡിക്കൽ ഉദ്യോഗസ്ഥർ എന്നിവർക്ക് മന്ത്രാലയം നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *