Advertisement

ഡിഎംകെ-എഐഎഡിഎംകെ സഖ്യം വന്നാൽ 107 എംഎൽഎമാരും രാജിവെക്കുമെന്ന് ടിവികെ

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിക്കുന്ന നീക്കവുമായി നടൻ വിജയ്‍യുടെ തമിഴക വെട്രി കഴകം (ടിവികെ). ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ ഡിഎംകെയും എഐഎഡിഎംകെയും അവിശുദ്ധ സഖ്യമുണ്ടാക്കാൻ നീങ്ങിയാൽ, തങ്ങളുടെ 107 എംഎൽഎമാരും കൂട്ടത്തോടെ രാജിവെക്കുമെന്ന് പാർട്ടി വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ മുന്നണിയായിട്ടും അധികാരം തടയാൻ ദ്രാവിഡ പാർട്ടികൾ കൈകോർക്കുന്നത് രാഷ്ട്രീയ വഞ്ചനയാണെന്നാണ് വിജയ്‍യുടെ പക്ഷം.

ഏപ്രിൽ 23-ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് 108 സീറ്റുകൾ നേടി വലിയ ശക്തിയായി ടിവികെ മാറിയിരുന്നു. വിജയ് രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച സാഹചര്യത്തിൽ, നിയമപരമായ ചട്ടങ്ങൾ പ്രകാരം ഒരു സീറ്റ് ഒഴിയുന്നതോടെ പാർട്ടിയുടെ അംഗബലം 107 ആയി ചുരുങ്ങും. അഞ്ച് അംഗങ്ങളുള്ള കോൺഗ്രസിന്റെ പിന്തുണ കൂടി ചേർത്ത് നിലവിൽ 112 എംഎൽഎമാരുടെ പിന്തുണ ടിവികെയ്ക്കുണ്ടെങ്കിലും കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 തികയ്ക്കാൻ പാർട്ടിക്ക് ആറ് പേരുടെ പിന്തുണ കൂടി വേണം. ഇതിനിടെയാണ് 59 സീറ്റുള്ള ഡിഎംകെയും 47 സീറ്റുള്ള എഐഎഡിഎംകെയും തമ്മിൽ അധികാരത്തിനായി അണിയറ ചർച്ചകൾ നടക്കുന്നുവെന്ന വിവരങ്ങൾ പുറത്തുവന്നത്.

​ദ്രാവിഡ കക്ഷികൾ കൈകോർത്താൽ അത് ജനവിധിയെ അട്ടിമറിക്കലാകുമെന്നും അത്തരമൊരു സാഹചര്യമുണ്ടായാൽ സഭയിൽ തുടരുന്നതിൽ അർത്ഥമില്ലെന്നുമാണ് ടിവികെ നേതൃത്വത്തിന്റെ വിലയിരുത്തൽ. 107 എംഎൽഎമാരും രാജിവെക്കുന്നതോടെ സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയുണ്ടാകുകയും പകുതിയോളം മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരികയും ചെയ്യും. ഇത് ജനവികാരം അനുകൂലമാക്കാനുള്ള വിജയ്‍യുടെ തന്ത്രമായും വിലയിരുത്തപ്പെടുന്നുണ്ട്. വിസികെ, ഇടതുപക്ഷ പാർട്ടികൾ എന്നിവരുമായി ടിവികെ ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും അവർ ഇതുവരെ വ്യക്തമായ നിലപാട് സ്വീകരിക്കാത്തത് അനിശ്ചിതത്വം വർദ്ധിപ്പിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *