Advertisement

തെരഞ്ഞെടുപ്പ് ചൂടിൽ കേരളം; ഏപ്രിൽ 9ന് പോളിങ് ബൂത്തിലേക്ക്

ഡൽഹി: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. കേരളത്തിൽ ഏപ്രിൽ 9ന് തെരഞ്ഞെടുപ്പ് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു. വോട്ടെണ്ണൽ മെയ് 4ന് നടക്കും. കേരളത്തിൽ 30,471 പോളിങ് സ്റ്റേഷനുകളാണ് ഉള്ളത്.

4.24 ലക്ഷം പേരാണ് പുതിയതായി വോട്ടർ പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. ആകെ 17.4 കോടി വോട്ടർമാരാണ് അഞ്ച് സംസ്ഥാനങ്ങളിലായി വിധിയെഴുതുന്നത്. മുതിർന്ന പൗരന്മാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തും.

824 നിയമസഭ മണ്ഡങ്ങളിൽ 2.19 ലക്ഷം ബൂത്തുകളും 25 ലക്ഷം ഉദ്യോഗസ്ഥരും ഉണ്ടാകും. പോളിംഗ് ബൂത്തുകളിൽ, കുടിവെള്ളം, വിൽ ചെയർ, ഹെൽപ്പ് ഡസ്ക്, മൊബൈൽ ഫോൺ വെക്കാൻ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുമെന്ന് ഗ്യാനേഷ് കുമാർ അറിയിച്ചു.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരാണ് പ്രഖ്യാപനം നടത്തിയത്. കേരളത്തിന് പുറമെ തമിഴ്നാട്, പുതുശേരി, പശ്ചിമബംഗാൾ, അസം എന്നിവിടങ്ങളിലെ തീയതിയും തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു. പശ്ചിമബംഗാളിൽ 294, തമിഴ്നാട്ടിൽ 234, അസമിൽ 126, പുതുച്ചേരിയിൽ 30 എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.

അൽപ്പസമയത്തിനകം, എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം അൽപ്പസമയത്തിനകം നടത്തും. ഇന്ന് തന്നെ മുഴുവൻ സ്ഥാനർഥികളേയും പ്രഖ്യാപിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ അറിയിച്ചിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്. യുഡിഎഫിൻ്റെ സ്ഥാനാർഥി പ്രഖ്യാപനവും അടുത്ത ദിവസം തന്നെ ഉണ്ടാകുമെന്ന് നേതാക്കൾ പ്രതികരിച്ചു. ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ചൊവ്വാഴ്ച പുറത്തുവിടുമെന്നാണ് ലഭ്യമാകുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *