എണ്ണയിതര വരുമാനം ലക്ഷ്യം വെച്ച് സൗദി ഭരണകൂടത്തിന് കീഴിൽ പ്രവർത്തിക്കുന്ന പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് 2030 വരെയുള്ള പുതിയ സ്ട്രാറ്റജി രേഖ പുറത്തിറക്കി. ടൂറിസവും ലോജിസ്റ്റിക്സും വ്യവസായവും മക്ക മദീന ടൂറിസവും പ്രധാന നിക്ഷേപ മേഖലകളാകും. മൂന്ന് മേഖലകളാക്കി തരം തിരിച്ച പട്ടിക, പ്രവാസി നിക്ഷേപകർക്കും സൗദിയുടെ പദ്ധതികൾ സംബന്ധിച്ച ധാരണ നൽകുന്നു. വരുന്ന നാല് വർഷം ഏതെല്ലാം സെക്ടറിൽ ഇൻവെസ്റ്റ് ചെയ്യും എന്നതും എങ്ങിനെ മികച്ച റിട്ടേൺ സൃഷ്ടിക്കാൻ പോകുന്നു എന്നതുമാണ് സ്ട്രാറ്റജിക് ഡോക്യുമെന്റ് പറയുന്നത്.
പുതിയ സ്ട്രാറ്റജി പ്രകാരം പി.ഐ.എഫിന്റെ പദ്ധതി മൂന്ന് പ്രധാന പോർട്ട്‌ഫോളിയോകളിലായാണ് തരംതിരിച്ചിരിക്കുന്നത്. അതിൽ ഒന്നാമത്തേതാണ് വിഷൻ പോർട്ട്‌ഫോളിയോ. അതായത് വിഷൻ 2030 ഭാഗമായി സൗദിയിലെ ഏറ്റവനും പ്രധാന സെക്ടറുകളുടെ ഏകോപനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ടൂറിസം, ട്രാവൽ, എന്റർടൈൻമെന്റ്, റിയൽ എസ്റ്റേറ്റ്, വ്യവസായം, ലോജിസ്റ്റിക്സ്, ക്ലീൻ ഹൈഡ്രജൻ പദ്ധതികളിലും സൗദി നിക്ഷേപിക്കും. രണ്ടാമത്തേത് സ്ട്രാറ്റജിക് ഇൻവെസ്റ്റ്‌മെന്റ്‌സ് പോർട്ട്‌ഫോളിയോ ആണ്. അതായത് സൗദിയുടെ മാത്രം തന്ത്രപ്രധാന മേഖലയിൽ നിന്നുള്ള വരുമാനം പരമാവധി നേടുക. ഒപ്പം പി.ഐ.എഫിന് കീഴിലുള്ള കമ്പനികളുടെ സാമ്പത്തിക ശേഷി വർധിപ്പിച്ച് അവയെ ആഗോളതലത്തിൽ മുൻനിരയിലെത്തിക്കുക. സൗദി ടെലികോം കമ്പനി, ഖനന മേഖലയിലെ മആദിൻ, സൗദി എയർലൈൻസ്, റിയാദ് എയർ തുടങ്ങിയ രാജ്യത്തിന്റെ തന്ത്രപ്രധാന കമ്പനികളെ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ വ്യാപിപ്പിക്കുകയും നിക്ഷേപ ശേഷി വർധിപ്പിക്കുകയും ചെയ്യും. ഒപ്പം മക്ക മദീന ടൂറിസം ലക്ഷ്യം വെച്ചുള്ള വരുമാനവും വർധിപ്പിക്കും.
മൂന്നാമത്തേതാണ് ഫിനാൻഷ്യൽ ഇൻവെസ്റ്റ്‌മെന്റ്‌സ് പോർട്ട്‌ഫോളിയോ. സൗദിയിലെ അടുത്ത തലമുറക്കും സാമ്പത്തിക മേഖല ശക്തമാക്കി വെക്കുകയാണ് ഇതിന്റെ ലക്ഷ്യം. സൗദി ജനസംഖ്യയുടെ എഴുപത് ശതമാനത്തോളം ചെറുപ്പക്കാരാണ്. അതിനാൽ സമ്പത്ത് ഉറപ്പാക്കാനും പി.ഐ.എഫിന്റെ സാമ്പത്തിക ഭദ്രത ശക്തിപ്പെടുത്താനും സുസ്ഥിരമായ ലാഭം ഉറപ്പാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇതിനായി എ.ഐ, ക്ലൗഡ്, ഡാറ്റസെന്റർ കമ്പനികൾ, ആഗോള സ്റ്റോക്ക് മാർക്കറ്റുകൾ, റിയൽ എസ്റ്റേറ്റ് ഫണ്ടുകൾ, പ്രമുഖ ആഗോള കായിക-വിനോദ സംരംഭങ്ങൾ എന്നിവയിൽ നേരിട്ടും അല്ലാതെയും നടത്തുന്ന നിക്ഷേപങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഫലത്തിൽ വരുന്ന നാല് വർഷങ്ങളിലും സൗദിയിൽ അവസരങ്ങൾ വർധിക്കും. പ്രത്യേകിച്ചും കായിക മേഖലയിലും ഐടി, ഡാറ്റസെന്റർ, എ.ഐ, ലോജിസ്റ്റിക്സ്, വിദ്യാഭ്യാസ, ലോജിസ്റ്റിക്സ്, റിയൽ എസ്റ്റേറ്റ് മേഖകളിലെല്ലാം. യുദ്ധ പശ്ചാത്തലത്തിലും സൗദിയിലെ വിവിധ മേഖലകളൾ വളരുന്നത് ഈ വലിയ രാജ്യത്തിന്റെ സാധ്യതകൾ വർധിപ്പിക്കുന്നു.










Leave a Reply