തീർഥാടകർക്ക് ആവർത്തിച്ച് ഉംറ നിർവഹിക്കുന്നതിനായി പുതിയ പദ്ധതിയുമായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം. ഒരു വർഷം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ഉംറ വിസ മന്ത്രാലയം പ്രഖ്യാപിച്ചു. വിസ കാലാവധിക്കുള്ളിൽ പലതവണ രാജ്യത്ത് വരാനും 90 ദിവസം വരെ താമസിക്കാനും ഇതിലൂടെ സാധിക്കും.
വിസ അനുവദിച്ചത് മുതൽ ഒരു വർഷം വരെ ഈ വിസ കാലാവധി നിലനിൽക്കുന്നതാണ്. ഈ കാലാവധിക്കുള്ളിൽ മൊത്തം 90 ദിവസം വരെ സൗദിയിൽ താമസിക്കാം. ഓരോ തവണ വന്ന് പോകുമ്പോഴും താമസിക്കുന്ന ദിവസങ്ങൾ ഈ 90 ദിവസത്തിൽ നിന്ന് കുറയും
ഹജ്ജ് കാലയളവിൽ നിയന്ത്രണം
ഹജ്ജ് കാലയളവിൽ ഈ വിസക്ക് നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. ദുൽഖഅദ് 1 മുതൽ ദുൽഹിജ്ജ 13 വരെയുള്ള ഹജ്ജ് സീസണിൽ ഈ വിസ ഉപയോഗിച്ച് സൗദിയിലേക്ക് പ്രവേശിക്കാൻ അനുമതിയുണ്ടായിരിക്കില്ല. ഈ വിസയിൽ വരുന്നവർ ഓരോ സന്ദർശനത്തിലും ‘നുസുക്’ പ്ലാറ്റ്ഫോം വഴി അംഗീകൃത കമ്പനികളിൽ നിന്ന് ഉംറ പാക്കേജ് വാങ്ങിയിരിക്കണം. പാക്കേജിന്റെ കാലാവധി വിസയിൽ ബാക്കിയുള്ള ദിവസങ്ങളേക്കാൾ കൂടാൻ പാടില്ല. സൗദിയിലേക്ക് തിരിക്കുന്നതിന് മുൻപ് തന്നെ ‘നുസുക്’ ആപ്പ് വഴി ഉംറ പെർമിറ്റ് എടുത്തിരിക്കണം.
ആദ്യമായി വരുമ്പോൾ നുസുക് വഴി പാക്കേജ് എടുത്ത് വിസ നടപടികൾ പൂർത്തിയാക്കണം. പിന്നീട് ഇതേ വിസയിൽ വീണ്ടും വരുമ്പോൾ, പുതിയ പാക്കേജ് എടുക്കുകയും നുസുക് ആപ്പ് വഴി വീണ്ടും പെർമിറ്റ് സ്വന്തമാക്കുകയും വേണം. വിമാനത്താവളത്തിൽ എത്തുമ്പോഴും തിരികെ പോകുമ്പോഴും നിങ്ങളുടെ വിസയിൽ ബാക്കിയുള്ള ദിവസങ്ങൾ സിസ്റ്റത്തിൽ അപ്ഡേറ്റ് ചെയ്യപ്പെടും.








Leave a Reply