സൗദി അറേബ്യയിൽ റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾ നൽകുന്ന ഇൻഫ്ലുവൻസർമാർക്ക് ഇനി പണി കിട്ടും. പരസ്യങ്ങൾ നൽകാൻ ഓഡിയോവിഷ്വൽ മീഡിയ അതോറിറ്റിയുടെ ‘മൗസൂഖ്’ ലൈസൻസ് മാത്രം മതിയാകില്ല. പരസ്യം നൽകുന്ന പ്രമുഖർക്ക് മൗസൂഖ് കൂടാതെ റിയൽ എസ്റ്റേറ്റ് അതോറിറ്റിയുടെ ഔദ്യോഗിക ഫാൽ ലൈസൻസും നിർബന്ധമാകുമെന്ന് അതോറിറ്റി വക്താവ് തൈസീർ അൽ മുഫറജ് അറിയിച്ചു. മൂന്നാമത് റിയൽ എസ്റ്റേറ്റ് മീഡിയേഷൻ ഫോറത്തിലാണ് ഈ സുപ്രധാനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.
റിയൽ എസ്റ്റേറ്റ് വസ്തുവകകൾ വിൽപന നടത്തുന്നതിനോ റെന്റിന് കൊടുക്കുന്നതിനോ ഉള്ള ഏതൊരു പരസ്യവും നിയമപരമാകണമെങ്കിൽ അതിൽ അതോറിറ്റി നൽകുന്ന റിയൽ എസ്റ്റേറ്റ് പരസ്യ ലൈസൻസ് നമ്പർ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഇത് അംഗീകൃത ബ്രോക്കർമാർ വഴി മാത്രമേ ലഭ്യമാകൂ. അംഗീകൃത ബ്രോക്കർമാരാകുന്നതിനുള്ള യോഗ്യതയും അതോറിറ്റി നിശ്ചയിക്കും. നേരിട്ടുള്ള സമഗ്രമായ പരീക്ഷ മറികടക്കുന്നവർക്ക് മാത്രമേ ഇനി മുതൽ ബ്രോക്കർ ലൈസൻസ് അനുവദിക്കൂ.
തട്ടിപ്പുകൾ തടയുന്നതിനായുള്ള ഏകീകൃത സംവിധാനവും അതോറിറ്റി ഉറപ്പുവരുത്തും. റിയൽ എസ്റ്റേറ്റ് പരസ്യങ്ങളുടെയും ബ്രോക്കർമാരുടെയും ലൈസൻസുകൾ ഉപഭോക്താക്കൾക്ക് അതോറിറ്റിയുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോം വഴി നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്താം. വാടകക്കരാറുകളിലെ സെക്യൂരിറ്റി ഡിപ്പോസിറ്റ് തുകകൾ ഇനി മുതൽ ‘ഇജാർ’ പ്ലാറ്റ്‌ഫോം വഴി മാത്രമായിരിക്കും കൈകാര്യം ചെയ്യുക. റിയൽ എസ്റ്റേറ്റ് പ്ലാറ്റ്‌ഫോമുകൾ അതോറിറ്റിയുമായി നേരിട്ട് സാങ്കേതികമായി ലിങ്ക് ചെയ്യണമെന്നും ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാൻ കൃത്യമായ ചാനലുകൾ ഒരുക്കണമെന്നും മന്ത്രാലയം കർശന നിർദേശം നൽകിയിട്ടുണ്ട്.







Leave a Reply