മക്ക: പാസ്‌പോർട്ട് ഒരു പൗരത്വ രേഖയല്ലെന്ന നിലപാടിൽ നിന്ന് പിന്തിരിയണമെന്നും ഇത്തരമൊരു നീക്കം ദുരൂഹമാണെന്നും അടിയന്തരമായി പുനഃപരിശോധിക്കണമെന്നും സഊദി കെഎംസിസി ആവശ്യപ്പെട്ടു. ഇന്ത്യൻ പാസ്‌പോർട്ട് കേവലം ഒരു യാത്രാ രേഖ മാത്രമാണെന്നും അതിനെ പൗരത്വത്തിന്റെ കൃത്യമായ തെളിവായി കാണാനാവില്ലെന്നുമുള്ള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ സമീപകാല നിലപാട് രാജ്യത്താകമാനവും വിദേശ ഇന്ത്യക്കാർക്കിടയിലും വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചതായി കെഎംസിസി നേതാക്കൾ മക്കയിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ഏറെ ഗൗരവമുള്ള ഇക്കാര്യം ഉംറ നിർവഹിക്കാനെത്തിയ സംസ്ഥാന മുസ്ലിംലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് ത്നങ്ങളുടെ ശ്രദ്ധയിൽ പെടുത്തിയതായി നേതാക്കൾ പറഞ്ഞു.
വിവിധ സർക്കാർ-നിയമപാലന ഏജൻസികളുടെ നിരന്തരവും സൂക്ഷ്മവുമായ പരിശോധനകൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പാസ്‌പോർട്ട് അനുവദിക്കുന്നത്. അപേക്ഷകന്റെ ദേശീയത, പശ്ചാത്തലം, നിയമപരമായ പദവി എന്നിവയെല്ലാം ഈ പ്രക്രിയയിലൂടെ അതീവ ജാഗ്രതയോടെ പരിശോധിക്കപ്പെടുന്നുണ്ട്. പരമാധികാരമുള്ള ഒരു സർക്കാർ സംവിധാനം ഇത്രയും കടുത്ത പരിശോധനകൾക്ക് ശേഷം നൽകുന്ന ഒരു രേഖയ്ക്ക് രാജ്യത്തിനകത്ത് പൗരത്വം തെളിയിക്കാൻ കഴിയില്ലെന്ന് പറയുന്നതിൽ അസ്വാഭാവികതയുണ്ടെന്നും കെഎംസിസി നേതാക്കൾ പറഞ്ഞു.
അതോടൊപ്പം പാസ്‌പോർട്ട് അപേക്ഷാ ഫീസ് വർദ്ധിപ്പിച്ച നടപടിയും പിൻവലിക്കണമെന്ന് കെഎംസിസി ആവശ്യപ്പെട്ടു. സാധാരണ പ്രവാസികൾക്ക് കനത്ത സാമ്പത്തിക ബാധ്യത വരുത്തുന്ന ഈ നീക്കം പ്രവാസികളോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടി നാഷണൽ കമ്മിറ്റി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും മുസ്ലിംലീഗ് എംപിമാർക്കും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നിവേദനം നൽകിയതായി നാഷണൽ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു
36 പേജുകളുള്ള പാസ്‌പോർട്ടിന്റെ അപേക്ഷാ ഫീസ് 1500 രൂപയിൽ നിന്ന് 2500 രൂപയായി ഉയർത്താനുള്ള തീരുമാനം സാധാരണക്കാരായ പൗരന്മാർക്കേറ്റ കടുത്ത ഇരുട്ടടിയാണ്. ജോലി തേടുന്ന യുവാക്കൾക്കും, പ്രവാസി തൊഴിലാളികൾക്കും, കുറഞ്ഞ വരുമാനക്കാരായ ജീവനക്കാർക്കും വിശേഷിച്ചും സാമ്പത്തിക പ്രയാസങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് പെട്ടെന്നുള്ള ഈ വർധനവ് താങ്ങാനാവാത്തതാണ്.
പാസ്‌പോർട്ട് എന്നത് ഒരു ആഡംബര വസ്തുവല്ല; മറിച്ച് ദശലക്ഷക്കണക്കിന് ഇന്ത്യൻ തൊഴിലാളികളുടെ അതിജീവനത്തിനും ഉപജീവനത്തിനുമുള്ള അത്യാവശ്യ രേഖയാണ്. വിദേശ പണമിടപാടുകളിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവന നൽകുന്ന ജനവിഭാഗത്തിന് മേൽ ഈ രീതിയിൽ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്നത് തികച്ചും അനീതിയും അപലപനീയവുമാണ് .
പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി സഊദി കെഎംസിസി വിപുലമായ സംവിധാനങ്ങൾ ഒരുക്കുമെന്നും സർക്കാർ തലത്തിൽ നിന്ന് പ്രവാസികൾക്ക് അര്ഹതയുമേറ്റ ആനുകൂല്യങ്ങൾ യഥാസമയം ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. പ്രവാസി ക്ഷേമത്തിന് കൂടുതൽ മുൻതൂക്കം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ബഹുമാനപെട്ട തങ്ങൾ ഉൾപ്പടെ യു ഡി എഫ് നേതാക്കൾ ഉറപ്പ് നൽകിയിട്ടുണ്ട്. പ്രവാസി പെൻഷൻ വർദ്ധനവ് ഉൾപ്പടെ ആവശ്യങ്ങൾ കെഎംസിസി ഉന്നയിച്ചിട്ടുണ്ട്.
വാർത്താസമ്മേളനത്തിൽ നാഷണൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞിമോൻ കാക്കിയ, ജനറൽ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് , ട്രഷറർ അഹമ്മദ് പാളയാട്ട് , ചെയർമാൻ ഖാദർ ചെങ്കള, വൈസ് പ്രസിഡന്റുമാരായ നിസാം മമ്പാട്, ഉസ്മാനാലി പാലത്തിങ്ങൽ, സെക്രട്ടറിമാരായ നാസർ വെളിയംകോട്, ഹാരിസ് കല്ലായി, നാസർ എടവനക്കാട്, അരിമ്പ്ര അബൂബക്കർ, മുജീബ് പൂക്കോട്ടൂർ
തുടങ്ങിയവർ പങ്കെടുത്തു.









Leave a Reply