Advertisement

കൊച്ചിയിൽ കൊമ്പനിടഞ്ഞു, ഒഡിഷ എഫ്‌സിയെ കുത്തിമലർത്തി ജയം തുടർന്ന് ബ്ലാസ്റ്റേഴ്സ്

കൊച്ചി: കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തെ വീണ്ടും ആവേശത്തിലാഴ്ത്തി കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഉശിരൻ പ്രകടനം. ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ഹോം ഗ്രൗണ്ടിൽ വച്ച് നടന്ന പോരാട്ടത്തിൽ കരുത്തരായ ഒഡിഷ എഫ്‌സിയെ 2-1ന് നിലംപരിശാക്കി കേരള ബ്ലാസ്റ്റേഴ്സ് ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്.

വിക്ടർ ബെർടോമ്യൂ (12), മത്യാസ് ഹെർണാണ്ടസ് (90+4) എന്നിവരുടെ തകർപ്പൻ ഗോളുകളുടെ മികവിലാണ് ബ്ലാസ്റ്റേഴ്സ് തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കിയത്. തുടർച്ചയായ നാലാം മത്സരത്തിലും തോൽവിയറിയാതെ മുന്നേറാൻ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ചുണക്കുട്ടികൾക്ക് സാധിച്ചു.

മഞ്ഞപ്പടയുടെ ബോയ്ക്കോട്ടിനിടയിലും കൊമ്പന്മാർക്കായി ആർപ്പുവിളിക്കാനെത്തിയ യെല്ലോ ആർമിയുടെ ഫാൻസിന് തീർത്തും മികച്ചൊരു ട്രീറ്റാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകത്തിൽ കാഴ്ചവച്ചത്. തുല്യശക്തികൾ തമ്മിലുള്ള പോരാട്ടമാണ് വ്യാഴാഴ്ച കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ കണ്ടത്.

എന്നാൽ മത്സരത്തിൻ്റെ അവസാന പത്ത് മിനിറ്റിൽ ആക്രമണം കടുപ്പിച്ച ബ്ലാസ്റ്റേഴ്സ് എതിർ ഗോൾമുഖത്തെ വിറപ്പിച്ചു. ഇഞ്ച്വറി ടൈമിൻ്റെ നാലാം മിനിറ്റിൽ സ്പാനിഷ് വംശജനായ മത്യാസ് ഹെർണാണ്ടസ് നേടിയ തകർപ്പൻ ഹെഡ്ഡർ ഗോളാണ് ബ്ലാസ്റ്റേഴ്സിന് നിർണായകമായ മൂന്ന് പോയിൻ്റുകൾ സമ്മാനിച്ചത്. ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിൻ്റ് പട്ടികയിൽ പതിനൊന്നാം സ്ഥാനത്തേക്ക് ഉയർന്നു.

ഹോം ഗ്രൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ തുടരൻ ആക്രമണങ്ങളോടെയാണ് മാച്ച് തുടങ്ങിയത്. അതിന് പ്രതിഫലമായി ആദ്യ പകുതിയുടെ 12ാം മിനിറ്റിൽ വിക്ടർ ബെർടോമ്യുവിലൂടെ കേരള ബ്ലാസ്റ്റേഴ്സാണ് ആദ്യം ലീഡെടുത്തത്. എന്നാൽ 27ാം മിനിറ്റിൽ റഹീം അലിയിലൂടെ ഒഡീഷ എഫ്‌സി ഗോൾ മടക്കി.

കളിയുടെ 37ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് വലതു വിങ്ങിലൂടെ നടത്തിയൊരു മുന്നേറ്റം ഗോളെന്നുറപ്പിച്ച് പോസ്റ്റിനരികിലൂടെ കടന്നുപോയി. നിഹാൽ സുധീഷ് നടത്തിയ മുന്നേറ്റത്തിനൊടുവിൽ ബോക്സിലേക്ക് ഓടിക്കയറിയ ഫ്രാൻസിസ്കോ അബാലോയുടെ കാലിൽ പന്തെത്തുന്നു.

റയൽ മാഡ്രിഡ് അക്കാദമിയുടെ മിന്നും താരം ലൈനിനോട് ചേർന്ന് നൽകിയൊരു ക്രോസ് ഗോൾ പോസ്റ്റിനോട് തൊട്ടുരുമ്മിയാണ് കടന്നുപോയത്. ഈ സമയം ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർമാർക്ക് ആർക്കും പന്തിലേക്ക് ഓടിയെത്താൻ കഴിയാതെ പോയതോടെ ഗോൾ അകന്നു. ഇതോടെ ലീഡെടുക്കാനുള്ള സുവർണാവസരം ബ്ലാസ്റ്റേഴ്സിന് നഷ്ടമായി.

ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ വീണ്ടും അബോലയും നിഹാലും ചേർന്ന് നടത്തിയ നീക്കവും ഫലം കണ്ടില്ല. അബാലോ ബോക്സിന് മുന്നിലായി നൽകിയ പാസ് സ്വീകരിച്ച് നിഹാൽ ബോക്സിലേക്കൊരു ഷോട്ടിന് ശ്രമിച്ചെങ്കിലും പന്ത് നിയന്ത്രണം തെറ്റി പോസ്റ്റിന് മുകളിലൂടെ പറക്കുന്നതാണ് കണ്ടത്.

രണ്ടാം പകുതിയിലും ഇരു ടീമുകളും ആക്രമിച്ച് തന്നെയാണ് കളിച്ചതെങ്കിലും നിശ്ചിത സമയത്ത് ഗോളൊന്നും പിറന്നില്ല. ഒഡിഷയ്ക്കും ഗോളെന്ന് ഉറച്ച തുറന്ന അവസരങ്ങൾ ലഭിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പറുടെ തകർപ്പൻ സേവുകൾ കൊമ്പന്‍മാരുടെ രക്ഷയ്ക്കെത്തി. 75ാം മിനിറ്റിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ ലഭിച്ചൊരു അവസരം ഗോളാക്കി മാറ്റാൻ അജ്സാലിനും കൂടെയുള്ള താരത്തിനും കഴിയാതെ പോയി. ഇഞ്ച്വറി ടൈമിൻ്റെ അവസാന മിനിറ്റിൽ കെവിൻ യോക്ക് വീണ്ടും ഒഡിഷയുടെ ഗോൾവല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിക്കുകയായിരുന്നു. അല്ലെങ്കിൽ സ്കോർ 3-1ൽ അവസാനിച്ചേനെ.

Leave a Reply

Your email address will not be published. Required fields are marked *