Advertisement

മക്കയിൽ ഇന്നുമുതൽ പ്രവേശന നിയന്ത്രണം; ഏപ്രിൽ 18 മുതൽ ഉംറ പെർമിറ്റുകൾ നിർത്തിവെക്കും

ഈ വർഷത്തെ ഹജ്ജ് സീസണിന് മുന്നോടിയായി മക്ക നഗരത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സൗദി അറേബ്യ. ഏപ്രിൽ 13 തിങ്കളാഴ്ച മുതൽ മക്കയിലേക്ക് പ്രവേശിക്കുന്നതിന് പ്രത്യേക പെർമിറ്റ് നിർബന്ധമാക്കി. കൂടാതെ, ഏപ്രിൽ 18 മുതൽ മെയ് 31 വരെ നുസുക് പ്ലാറ്റ്‌ഫോം വഴി ഉംറ പെർമിറ്റുകൾ നൽകുന്നത് നിർത്തിവെക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മെയ് 25 മുതൽ 30 വരെ നടക്കുമെന്ന് കരുതപ്പെടുന്ന ഹജ്ജ് കർമ്മങ്ങൾ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികൾ. മക്കയിൽ ഇഖാമയുള്ളവർ, ഹജ്ജ് പെർമിറ്റ് ഉള്ളവർ, വിശുദ്ധ നഗരങ്ങളിൽ ജോലി ചെയ്യുന്നതിനായി പ്രത്യേക വർക്ക് പെർമിറ്റ് ലഭിച്ചവർ എന്നിവർക്ക് മാത്രമേ ഇനി നഗരത്തിലേക്ക് പ്രവേശനമുണ്ടാകൂ. റസിഡന്റ് തൊഴിലാളികൾക്ക് മക്കയിൽ പ്രവേശിക്കുന്നതിനുള്ള അപേക്ഷകൾ അബ്ഷീർ മുഖീം പോർട്ടലുകൾ വഴി സമർപ്പിക്കാവുന്നതാണ്.

ജി.സി.സി പൗരന്മാർ, പ്രീമിയം റെസിഡൻസി ഉടമകൾ, നിക്ഷേപകർ, ഗാർഹിക തൊഴിലാളികൾ എന്നിവർക്ക് അബ്ഷീർ വഴിയും, മക്ക ആസ്ഥാനമായുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മുഖീം പോർട്ടൽ വഴിയും അപേക്ഷിക്കാം. ഹജ്ജ് വിസയില്ലാത്ത ആരെയും മക്കയിൽ താമസിക്കാനോ പ്രവേശിക്കാനോ അനുവദിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഉംറ വിസയിൽ എത്തിയവർ രാജ്യം വിടേണ്ട അവസാന തീയതി ഏപ്രിൽ 18 ശനിയാഴ്ചയാണ്. നേരത്തെ ഫെബ്രുവരി 25-ന് (റമദാൻ 8) ഉംറ വിസ കാലാവധി കഴിഞ്ഞവർക്ക് വിസ ദീർഘിപ്പിക്കാതെ തന്നെ ഏപ്രിൽ 18 വരെ രാജ്യം വിടാൻ അനുമതി നൽകിയിരുന്നു. പ്രാദേശിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ഇളവ് അനുവദിച്ചത്. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികളും പിഴയും ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *