പ്രവാസലോകത്ത് ദീർഘകാലം സേവനമനുഷ്ഠിച്ച നാല് പ്രമുഖ വ്യക്തികൾ കേരള സർക്കാരിന്റെ സുപ്രധാന പദവികളിലേക്ക് നിയമിതരായത് സൗദി പ്രവാസി സമൂഹത്തിന് വലിയ അഭിമാനവും പ്രതീക്ഷയും നൽകുന്നു. പ്രവാസികളുടെ പുനരധിവാസത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കും പുതിയ ദിശാബോധം നൽകാൻ ഈ നിയമനങ്ങൾ വഴിയൊരുക്കുമെന്നാണ് പ്രവാസലോകത്തിന്റെ വിലയിരുത്തൽ.
സാമ്പത്തിക കാര്യങ്ങളിൽ വിദഗ്ധനായ സി.എച്ച്. അബ്ദുൽ റഹീം ആസൂത്രണ ബോർഡിൽ എത്തുന്നത് പ്രവാസികളുടെ നാഡിമിടിപ്പ് അറിഞ്ഞുള്ള നയരൂപീകരണത്തിനും പുനരധിവാസ പദ്ധതികളിലെ ക്രിയാത്മക ഇടപെടലുകൾക്കും സഹായിക്കുമെന്നാണ് പ്രതീക്ഷ.
ജിദ്ദയിൽ ദീർഘകാലം അധ്യാപകരായി സേവനമനുഷ്ഠിച്ച ഡോ. ഇസ്മായിൽ മരുതേരിയും ജസീം സബാഹ് ടീച്ചറും പ്രവാസി വിദ്യാർഥികളുടെ ഉപരിപഠനവും വിദ്യാഭ്യാസപരമായ മറ്റ് പ്രതിസന്ധികളും അടുത്തറിഞ്ഞവരായതിനാൽ, ആ വിഷയങ്ങൾ കൃത്യമായി സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ ഇവർക്ക് സാധിക്കും. ആരോഗ്യ രംഗത്തെ പ്രമുഖ വ്യക്തിത്വമായ ഡോ. വി. ഇദ്രീസ് ത്വാഇഫിൽ സേവനമനുഷ്ഠിക്കവെ പ്രവാസികളുടെ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞ ഭിഷഗ്വരനാണ്.
സാമൂഹിക സുരക്ഷാ മിഷന്റെ തലപ്പത്തേക്ക് അദ്ദേഹം എത്തുന്നത് പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും ആരോഗ്യ-സാമൂഹിക സുരക്ഷാ പദ്ധതികൾക്ക് കരുത്തേകും.
പ്രവാസികളുടെ പ്രശ്നങ്ങൾ ആഴത്തിൽ മനസ്സിലാക്കിയവരും പ്രവാസി സമൂഹത്തിന് സുപരിചിതരുമായ ഈ നാല് പേരും ഉന്നത പദവികളിൽ എത്തിയതിന്റെ ആഹ്ലാദത്തിലാണ് പ്രവാസി സമൂഹം. തങ്ങളുടെ ദീർഘകാലത്തെ ആവശ്യങ്ങൾക്കും പ്രയാസങ്ങൾക്കും ഇവരുടെ ഇടപെടലുകളിലൂടെ ശാശ്വത പരിഹാരമുണ്ടാകുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് നാട്ടിലും മറുനാട്ടിലുമുള്ള എല്ലാവരും.









Leave a Reply