Advertisement

 സിക്ക് ലീവ് നിയമങ്ങളിൽ കർശന നിയന്ത്രണങ്ങളുമായി സൗദി  ആരോഗ്യ മന്ത്രാലയം

സിക്ക് ലീവ് അനുവദിക്കുന്നതിനുള്ള കൃത്യമായ മാനദണ്ഡങ്ങൾ വ്യക്തമാക്കിസൗദി ആരോഗ്യ മന്ത്രാലയം. വ്യക്തിപരമായ താല്പര്യങ്ങൾക്കോ വെറും അപേക്ഷകൾക്കോ അനുസരിച്ചല്ല സിക്ക് ലീവ് നൽകുന്നതെന്ന് മന്ത്രാലയം അറിയിച്ചു. രോഗിയുടെ ആരോഗ്യനിലയും ജോലി ചെയ്യാനുള്ള കഴിവിനെ അത് എത്രത്തോളം ബാധിക്കുന്നുവെന്നും സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർ പരിശോധിച്ച് ബോധ്യപ്പെട്ടാൽ മാത്രമേ അവധി അനുവദിക്കൂ. ഓരോ രോഗാവസ്ഥയ്ക്കും ഡോക്ടർമാരുടെയും ആരോഗ്യ സ്ഥാപനങ്ങളുടെയും അധികാരപരിധിക്കുള്ളിൽ നിന്നുകൊണ്ടാണ് അവധി ദിവസങ്ങൾ നിശ്ചയിക്കുന്നത്. നിശ്ചിത പരിധിയിൽ കൂടുതൽ അവധി ആവശ്യമായി വരുന്ന സാഹചര്യങ്ങളിൽ വിദഗ്ധ ഡോക്ടർമാരുടെയോ മെഡിക്കൽ ബോർഡുകളുടെയോ പ്രത്യേക അനുമതി നിർബന്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

അംഗീകൃത ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് കൃത്യമായ വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രമേ രോഗാവധി നേടാവൂ എന്ന് മന്ത്രാലയം നിർദേശിച്ചു. ഇലക്ട്രോണിക് സംവിധാനം വഴി അനുവദിക്കുന്ന അവധി രേഖകൾ ‘സിഹത്തി’ ആപ്പ് വഴി ലഭ്യമാണ്. ഇവയുടെ ആധികാരികത ഉറപ്പുവരുത്താൻ ‘സെഹ’ പ്ലാറ്റ്ഫോമിലെ എൻക്വയറി സേവനം ഉപയോഗിക്കണം. അംഗീകൃതമല്ലാത്ത വെബ്‌സൈറ്റുകളിൽ നിന്നുള്ള ക്യുആർ കോഡുകളെയോ രേഖകളുടെ ചിത്രങ്ങളെയോ മാത്രം വിശ്വസിക്കരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. രോഗാവധി നൽകുന്നതിലെ ക്രമക്കേടുകൾ തടയാൻ ആരോഗ്യ കേന്ദ്രങ്ങളിൽ നേരിട്ടുള്ള പരിശോധനകളും ഡാറ്റാ വിശകലനവും ശക്തമാക്കിയിട്ടുണ്ട്.

വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമിക്കുന്നവർക്കും കൃത്രിമം കാണിക്കുന്നവർക്കും എതിരെ കടുത്ത നിയമനടപടികൾ ഉണ്ടാകുമെന്ന് മന്ത്രാലയം ഓർമിപ്പിച്ചു. മതിയായ കാരണങ്ങളില്ലാതെ അവധി നൽകുകയോ മെഡിക്കൽ രേഖകളിൽ തിരുത്തലുകൾ വരുത്തുകയോ ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് 50,000 റിയാൽ വരെ പിഴയും ലൈസൻസ് റദ്ദാക്കലും നേരിടേണ്ടി വരും. വ്യാജ സർട്ടിഫിക്കറ്റുകൾ ചമയ്ക്കുന്നവർക്ക് ഒരു വർഷം വരെ തടവും 1,00,000 റിയാൽ വരെ പിഴയുമാണ് ശിക്ഷ. ഇത്തരം നിയമലംഘനങ്ങളിൽ ഏർപ്പെടുന്ന ആരോഗ്യ സ്ഥാപനങ്ങൾക്കെതിരെയും കർശന നടപടിയുണ്ടാകും. തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ 937 എന്ന ഏകീകൃത കോൾ സെന്റർ വഴി പൊതുജനങ്ങൾക്ക് വിവരമറിയിക്കാമെന്നും മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *