Advertisement

സ്കൂളുകൾ തുറക്കുന്നു; സൗദിയിൽ വിമാനത്താവളങ്ങളിലും റോഡുകളിലും കനത്ത തിരക്ക്, ജാഗ്രതാ നിർദേശം

റിയാദ് വേനലവധി പൂർത്തിയാക്കി സ്‌കൂളുകൾ അടുത്ത ആഴ്ച മുതൽ തുറന്നുപ്രവർത്തിക്കാനിരിക്കെ സൗദിയിലെ വിമാനത്താവളങ്ങളിലും റോഡുകളിലും കനത്ത തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. സൗദി സിലബസ് സ്‌കൂളുകൾ അടുത്ത ആഴ്ചയും ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂളുകൾ ഈ മാസം 23നുമാണ് പ്രവർത്തനം പുനരാരംഭിക്കുന്നത്. കനത്ത ചൂട് കാരണം അവധിക്കാലം വിദേശങ്ങളിൽ ചെലവഴിച്ച സ്വദേശികളും പ്രവാസികളും ഒരേസമയം തിരിച്ചെത്തുന്ന സാഹചര്യത്തിലാണിത്. റിയാദ്, ജിദ്ദ, ദമാം തുടങ്ങിയ പ്രധാന നഗരങ്ങളിലെ വിമാനത്താവളങ്ങളിൽ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. യാത്രാ തടസ്സങ്ങൾ ഒഴിവാക്കാൻ യാത്രക്കാർ കൃത്യസമയത്ത് തന്നെ വിമാനത്താവളങ്ങളിൽ എത്തിച്ചേരണമെന്ന് അധികൃതർ നിർദേശിച്ചു.

സ്‌കൂളുകൾ തുറക്കുന്നതോടെ രാവിലെയും ഉച്ചയ്ക്കുശേഷമുള്ള സമയങ്ങളിലും റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ സാധ്യതയുണ്ട്. കാലതാമസം ഒഴിവാക്കാൻ വാഹനമോടിക്കുന്നവർ നേരത്തെ തന്നെ യാത്ര തിരിക്കണമെന്നും ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്നും സുരക്ഷാ വിഭാഗങ്ങൾ ഓർമിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത ചൂടിനും പൊടിക്കാറ്റിനും പുറമെ ചിലയിടങ്ങളിൽ മഴ മുന്നറിയിപ്പുമുണ്ട്. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് വാഹനങ്ങളുടെ കാര്യക്ഷമതയും ടയറുകളുടെ ഗുണനിലവാരവും മുൻകൂട്ടി പരിശോധിച്ച് യാത്രകളിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ട്രാഫിക്, റോഡ് സുരക്ഷാ വിഭാഗങ്ങൾ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *