Advertisement

വിസ കാലാവധി കഴിഞ്ഞും സൗദിയിൽ തുടരുന്നവർക്ക് കടുത്ത ശിക്ഷ; നടപടി കടുപ്പിച്ച് അധികൃതർ

വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാതെ നിയമം ലംഘിച്ച് കഴിയുന്ന വിദേശികൾക്കെതിരെ ശിക്ഷാ നടപടികൾ കടുപ്പിച്ച് സൗദി അറേബ്യ. നിയമലംഘകർക്ക് 50,000 റിയാൽ വരെ പിഴയും ആറ് മാസം വരെ തടവും ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. ഇതിന് പുറമെ ഇവരെ രാജ്യത്തുനിന്ന് നാടുകടത്തുകയും ചെയ്യും. വിദേശികളുടെ പ്രവേശനവും താമസവും സംബന്ധിച്ച നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധനകളും തുടർനടപടികളും കർശനമായി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

താമസം, തൊഴിൽ, അതിർത്തി സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ലംഘിച്ച് രാജ്യത്ത് കഴിയുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാൻ സ്വദേശികളായ പൗരന്മാരോടും താമസക്കാരോടും മന്ത്രാലയം അഭ്യർഥിച്ചു. രാജ്യത്തിന്റെ സുരക്ഷയും നിയമവ്യവസ്ഥയും സംരക്ഷിക്കുന്നതിന് എല്ലാവരുടെയും സഹകരണം അത്യാവശ്യമാണെന്നും നിയമലംഘകർക്ക് അഭയം നൽകുകയോ സഹായിക്കുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കുമെന്നും ആഭ്യന്തര മന്ത്രാലയം ഓർമ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *