Advertisement

സൗദി മന്ത്രിസഭയിൽ അഴിച്ചുപണി; ഊർജമന്ത്രി അബ്ദുൽ അസീസ് രാജകുമാരന് വ്യവസായ മന്ത്രാലയത്തിന്റെ അധിക ചുമതല

സൗദി അറേബ്യയിൽ ഭരണ-നയതന്ത്ര രംഗങ്ങളിൽ നിർണായക മാറ്റങ്ങൾ വരുത്തിക്കൊണ്ട് സൽമാൻ രാജാവ് പുതിയ രാജകീയ ഉത്തരവുകൾ പുറപ്പെടുവിച്ചു. ക്യാബിനറ്റ് മന്ത്രിമാർ ഉൾപ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥരെ പദവികളിൽ നിന്ന് നീക്കാനും പകരം പുതിയ നിയമനങ്ങൾ നടത്താനും ഉത്തരവിൽ നിർദേശമുണ്ട്. വ്യവസായ ധാതു വിഭവ മന്ത്രിയായിരുന്ന ബന്ദർ അൽ ഖുറാഇഫിനെ ചുമതലയിൽ നിന്ന് നീക്കി. നിലവിലെ ഊർജ മന്ത്രിയായ അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരന് വ്യവസായ ധാതു വിഭവ മന്ത്രാലയത്തിന്റെ അധിക ചുമതല കൂടി നൽകി. അതേസമയം, സ്ഥാനമൊഴിഞ്ഞ ബന്ദർ അൽ ഖുറാഇഫിനെ സ്റ്റേറ്റ് മിനിസ്റ്ററായും മന്ത്രിസഭാ അംഗമായും നിയമിച്ചിട്ടുണ്ട്. ജനറൽ അതോറിറ്റി ഫോർ മിലിട്ടറി ഇൻഡസ്ട്രീസ് ഗവർണർ പദവിയിൽ നിന്ന് അഹമ്മദ് അൽ ഔഹാലിയെ നീക്കി. പുതിയ സ്റ്റേറ്റ് മിനിസ്റ്ററായ ബന്ദർ അൽ ഖുറാഇഫിന് തന്റെ നിലവിലെ ചുമതലകൾക്ക് പുറമെ മിലിട്ടറി ഇൻഡസ്ട്രീസ് ഗവർണറുടെ അധിക ചുമതല കൂടി രാജാവ് കൈമാറി.

ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ പദവിയിൽ നിന്ന് ശഅ്ലാൻ ബിൻ റാജിഹ് ബിൻ അബ്ദുല്ല ബിൻ ശഅ്ലാനെ നീക്കി. ഇദ്ദേഹത്തെ എക്സലന്റ് റാങ്കോടെ റോയൽ കോർട്ട് ഉപദേശകനായി നിയമിച്ചു. ഇഹ്സാൻ ബിൻ അബ്ബാസ് ബിൻ ഹംസ ബാഫഖീഹിനെ എക്സലന്റ് റാങ്കോടെ ജിദ്ദ ഗവർണറേറ്റ് സെക്രട്ടറിയായും നിയമിച്ചു. മുഹമ്മദ് ബിൻ സുലൈമാൻ ബിൻ അബ്ദുൽ അസീസ് അൽ മുത്‌ലഖിനെ എക്സലന്റ് റാങ്കോടെ ഡെപ്യൂട്ടി നീതിന്യായ മന്ത്രിയായി നിയമിച്ചിട്ടുണ്ട്. സാങ്കേതിക വിഭാഗം ഡെപ്യൂട്ടി ഗവർണറായി തലാൽ ബിൻ ഫുആദ് ബിൻ അഹമ്മദ് അൽ ഹമൂദിനെയും, എക്സിക്യൂട്ടീവ് വിഭാഗം ഡെപ്യൂട്ടി ഗവർണറായി അബ്ദുൽ ഇലാഹ് ബിൻ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് അൽ ദുഹൈമിനെയും എക്സലന്റ് റാങ്കോടെ നിയമിച്ചു. രാജ്യത്തിന്റെ സുരക്ഷ, നീതിന്യായ, സാമ്പത്തിക മേഖലകളിൽ പുതിയ അഴിച്ചുപണികളിലൂടെ കൂടുതൽ വേഗതയും സുതാര്യതയും കൊണ്ടുവരാൻ പുതിയ മാറ്റങ്ങൾ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *