ദീർഘദൂര യാത്രക്കാർക്കായി നോർത്ത് വെസ്റ്റ് ബസിന്റെ ഇന്റർസിറ്റി സർവീസുകൾ വിപുലീകരിക്കാൻ സൗദി അറേബ്യ ഒരുങ്ങുന്നു. അസീർ മേഖലയിലെ യാത്രക്കാർക്ക് ഏറെ ഗുണം ചെയ്യുന്ന ഈ പദ്ധതി പ്രകാരം പ്രധാന നഗരമായ ഖമീസ് മുശൈത്തിൽ നിന്നാണ് വിവിധ നഗരങ്ങളിലേക്ക് പുതിയ സർവീസുകൾ ആരംഭിക്കുന്നത്. നിലവിൽ ജിദ്ദ, മക്ക, മദീന, അൽ ബഹ, അൽ ബഷായർ എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ ലഭ്യമാക്കിയിട്ടുള്ളത്. അൽ അബീർ ക്ലിനിക്കിനും സൗദി എയർലൈൻസ് ഓഫീസിനും സമീപത്തുള്ള ബസ് ടെർമിനലിൽ നിന്നാണ് ഈ സർവീസുകൾ പുറപ്പെടുക.
ജിദ്ദയിലേക്കുള്ള ബസുകൾ ബിഷ, അൽ ബഷായർ, ഷോഗ്സാൻ, ഖിയ, അൽ ബഹ, ബൽജുറഷി, അൽ ജുമും വഴി കടന്നുപോകുന്നതിനൊപ്പം ജിദ്ദ ട്രെയിൻ സ്റ്റേഷൻ, കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം ടെർമിനൽ-1, കിലോ-10, അൽ ഖുംറ എന്നിവിടങ്ങളിലും എത്തിച്ചേരും. ഇത് വിമാന, ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസമാകും.
എയർ കണ്ടീഷണർ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളോട് കൂടിയ 150 ബസുകളാണ് നിലവിൽ ഈ റൂട്ടുകളിൽ സർവീസ് നടത്തുന്നത്. സൗദി ഗവണ്മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന നോർത്ത് വെസ്റ്റ് ബസിന് രാജ്യത്താകെ 74 സ്റ്റോപ്പുകളിലായി പ്രതിദിനം 162 ട്രിപ്പുകൾ നടത്തുന്ന വിപുലമായ ശൃംഖലയുണ്ട്. യാത്രക്കാർക്ക് ആവശ്യമായ ടിക്കറ്റുകൾ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ഖമീസ് മുശൈത്ത് ബസ് ടെർമിനലിലെ നേരിട്ടുള്ള കൗണ്ടറുകൾ വഴിയും സ്വന്തമാക്കാവുന്നതാണ്.









Leave a Reply