ഉപഭോക്താക്കൾക്ക് സാധനങ്ങൾ വാങ്ങുമ്പോൾ ബില്ല് നൽകാൻ വിസമ്മതിക്കുന്ന സ്ഥാപനങ്ങൾക്ക് 1,000 റിയാൽ വരെ പിഴ ചുമത്താൻ സൗദി അറേബ്യ ഒരുങ്ങുന്നു. വാണിജ്യ മന്ത്രി മാജിദ് അൽ ഖസബിയാണ് പുതിയ നിയമനിർമാണത്തിന് ഒരുങ്ങുന്നത്. വിപണിയിലെ നിയമലംഘനങ്ങൾ തടയുന്നതിനും ഉപഭോക്താക്കളുടെ അവകാശങ്ങൾ പൂർണമായി സംരക്ഷിക്കുന്നതിനുമാണ് മന്ത്രാലയം പുതിയ പിഴകൾ നിശ്ചയിക്കുന്നത്. നിലവിൽ പ്രത്യേക ശിക്ഷകളില്ലാത്ത പല നിയമലംഘനങ്ങൾക്കും ഇനിമുതൽ ശക്തമായ പിഴ ഈടാക്കാനാണ് തീരുമാനം. നിയമത്തിന്റെ കരട് രൂപം പൊതുജനങ്ങളുടെ അഭിപ്രായ രൂപീകരണത്തിനായി ‘ഇസ്തിത്‌ലാഅ്’ പ്ലാറ്റ്ഫോമിൽ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബില്ല് നൽകാതിരിക്കൽ, സാധനങ്ങൾ വിൽക്കാൻ വിസമ്മതിക്കൽ, ഉൽപ്പന്നങ്ങളിൽ വില പ്രദർശിപ്പിക്കാതിരിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾക്ക് 200 റിയാൽ മുതൽ 1,000 റിയാൽ വരെയാണ് പിഴ ചുമത്തുക. കൂടാതെ, കടകളിൽ ‘വിറ്റ സാധനങ്ങൾ തിരിച്ചെടുക്കുകയോ മാറ്റി നൽകുകയോ ഇല്ല’ എന്ന ബോർഡ് വെക്കുന്നതും നിയമവിരുദ്ധമാകും. ഡിസ്‌പ്ലേയിൽ കാണിച്ച വിലയേക്കാൾ കൂടുതൽ തുക ബില്ലിൽ ഈടാക്കിയാലും ഇതേ പിഴ നേരിടേണ്ടി വരും. എന്നാൽ തെറ്റുകൾ തിരുത്താൻ ബിസിനസ് സ്ഥാപനങ്ങൾക്ക് 14 ദിവസത്തെ സാവകാശം നൽകും. ഈ സമയപരിധിക്കുള്ളിൽ നിയമങ്ങൾ കൃത്യമായി പാലിക്കാൻ സ്ഥാപനങ്ങൾ തയ്യാറാകേണ്ടതുണ്ട്.
സബ്സിഡി ലഭിക്കുന്ന മാവ് പാഴാക്കിക്കളയുന്ന ബേക്കറികൾക്ക് 1,000 റിയാൽ മുതൽ 5,000 റിയാൽ വരെയാണ് പിഴ ഈടാക്കുക. ഇത് ദുരുപയോഗം ചെയ്താൽ പിഴ 10,000 റിയാൽ വരെ ഉയർന്നേക്കാം. ഒപ്പം ഔദ്യോഗികമായി നിശ്ചയിച്ച വിലയേക്കാൾ കൂടുതൽ തുക ഈടാക്കിയാൽ 5,000 റിയാൽ മുതൽ ഒരു ലക്ഷം റിയാൽ വരെ വൻ തുക പിഴയായി നൽകേണ്ടി വരും. മുൻസിപ്പാലിറ്റികളുടെ തരംതിരിവ് അനുസരിച്ച് അഞ്ച് ഘട്ടങ്ങളായാണ് പിഴകൾ നിശ്ചയിച്ചിരിക്കുന്നത്. ഒരേ തെറ്റ് വീണ്ടും ആവർത്തിച്ചാൽ പിഴത്തുക ഇരട്ടിയാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.









Leave a Reply