Advertisement

ഇന്ധന പ്രതിസന്ധി; വിമാന സർവീസ് വീണ്ടും വെട്ടിച്ചുരുക്കി ഇൻഡിഗോ

ന്യൂഡൽഹി: ഇന്ധന പ്രതിസന്ധിയെ തുടർന്ന് വിമാന സർവീസ് വീണ്ടും വെട്ടിച്ചുരുക്കി ഇൻഡിഗോ. ജൂലൈ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെയാണ് നിർത്തലാക്കിയത്. യാത്രക്കാരുടെ കുറവും ഉയർന്ന പ്രവർത്തനച്ചെലവും കണക്കിലെടുത്ത് സർവീസുകൾ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ലങ്കാവി (മലേഷ്യ), ക്രാബി (തായ്‌ലൻഡ്), ഹോ ചി മിൻ സിറ്റി (വിയറ്റ്നാം), ഹോങ്കോങ്, ഷാങ്ഹായ് എന്നീ നഗരങ്ങളിലേക്കുള്ള സർവീസുകൾ ജൂലൈ ഒന്ന് മുതലും, സീം റീപ്പിലേക്കുള്ള (കംബോഡിയ) വിമാന സർവീസുകൾ ജൂലൈ 3 മുതലും നിർത്തിവെക്കും. ഇന്ത്യൻ സഞ്ചാരികൾക്കിടയിൽ ജനപ്രിയമായ റൂട്ടുകളാണ് നിർത്തലാക്കിയവയിൽ ഏറെയും. തെക്കുകിഴക്കൻ ഏഷ്യയിലെയും ചൈനയിലെയും പ്രധാന വിനോദസഞ്ചാര-വാണിജ്യ കേന്ദ്രങ്ങളിലേക്ക് നേരിട്ടുള്ള യാത്രാസൗകര്യം ഒരുക്കുന്നവയായിരുന്നു.

ഈ ആറ് റൂട്ടുകളിലേക്കുമുള്ള ബുക്കിംഗുകൾ ഒക്ടോബർ 1 മുതൽ പുനരാരംഭിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു. യാത്രക്കാരുടെ എണ്ണത്തിൽ പുരോഗതിയുണ്ടായാൽ സർവീസുകൾ അതിനുമുമ്പ് തന്നെ പുനരാരംഭിച്ചേക്കാനും സാധ്യതയുണ്ട്.

യാത്രക്കാർ പൊതുവെ കുറവുള്ള ഒരു സീസൺ ആയതിനാലും കനത്ത ചെലവുകൾ നേരിടുന്ന സാഹചര്യമായതിനാലും, തങ്ങളുടെ അന്താരാഷ്ട്ര ശൃംഖലയിൽ വരുത്തിയ താൽക്കാലികമായ ഒരു ക്രമീകരണം മാത്രമാണിതെന്ന് എയർലൈൻ വ്യക്തമാക്കി. താൽക്കാലികമായി സർവീസുകൾ വെട്ടിക്കുറച്ചിട്ടുണ്ടെങ്കിലും, പ്രതിവാരം 1,800-ലധികം അന്താരാഷ്ട്ര സർവീസുകൾ തുടരുമെന്നും വിദേശ ശൃംഖലയുടെ ഭൂരിഭാഗവും നിലനിർത്തുമെന്നും എയർലൈൻ അറിയിച്ചു.

ആഭ്യന്തര-അന്താരാഷ്ട്ര യാത്രകളിൽ 50% വരെ ഡിസ്‌കൗണ്ട്; 50 ലക്ഷം സീറ്റുമായി എയർ ഇന്ത്യ എക്സ്പ്രസ് സെയിൽ
വിപണിയിലെ സാഹചര്യങ്ങൾ, ഉയർന്ന പ്രവർത്തനച്ചെലവ്, നിലവിലുള്ള വ്യോമപാത നിയന്ത്രണങ്ങൾ (airspace restrictions) എന്നിവ വിലയിരുത്തിയ ശേഷമായിരിക്കും അന്താരാഷ്ട്ര സർവീസുകളുമായി ബന്ധപ്പെട്ട തുടർന്നുള്ള തീരുമാനങ്ങൾ എടുക്കുകയെന്നും കമ്പനി വ്യക്തമാക്കി. സർവീസുകൾ നിർത്തിവെക്കുന്നത് ബാധിക്കുന്ന യാത്രക്കാരെ മുൻകൂട്ടി വിവരമറിയിക്കുകയും അവർക്ക് ലഭ്യമായ മറ്റ് ഓപ്ഷനുകൾ നൽകുകയും ചെയ്യും.

ഇറാൻ യുദ്ധത്തെത്തുടർന്നുണ്ടായ നീണ്ടുനിൽക്കുന്ന അന്താരാഷ്ട്ര വ്യോമപാത നിയന്ത്രണങ്ങളും ഉയർന്ന പ്രവർത്തനച്ചെലവും കാരണം മാഞ്ചസ്റ്ററിലേക്കുള്ള റൂട്ട് ലാഭകരമല്ലാതായി മാറിയെന്ന് ചൂണ്ടിക്കാട്ടി, ആഗസ്റ്റ് 31 മുതൽ സർവീസുകൾ നിർത്തിവെക്കുമെന്ന് പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ നീക്കം. നിലവിൽ ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്നാണ് ഇൻഡിഗോ മാഞ്ചസ്റ്ററിലേക്ക് സർവീസ് നടത്തുന്നത്. എയർലൈന്റെ അന്താരാഷ്ട്ര ദീർഘദൂര വിപുലീകരണ പദ്ധതികളുടെ ഭാഗമായി കഴിഞ്ഞ വർഷം ജൂലൈയിലാണ് യുകെയിലേക്കുള്ള റൂട്ട് ആരംഭിച്ചത്.

….

Leave a Reply

Your email address will not be published. Required fields are marked *