Advertisement

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനുള്ള നടപടികൾ അടുത്തയാഴ്ച ആരംഭിക്കും

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനുള്ള നടപടികൾ അടുത്തയാഴ്ച ആരംഭിക്കും. ജയിൽ, ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടികൾ പൂർത്തിയായാൽ രാജ്യം വിടാനുള്ള രേഖയായ എമർജൻസി സർട്ടിഫിക്കറ്റ് ഇന്ത്യൻ എംബസി തയ്യാറാക്കിയിട്ടുണ്ട്. മോചന സമയം ഈ മാസം ഇരുപതിന് പൂർത്തിയായാൽ എക്സിറ്റ് നടപടികളാകും പൂർത്തിയാക്കാനുണ്ടാവുക.

സൗദി ബാലന്റെ കൊലപാതക കേസിൽ ദിയാധനം നൽകിയതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ വധശിക്ഷ സൗദി കോടതി റദ്ദാക്കിയിരുന്നു. എന്നാൽ ഗൂഢാലോചനയിൽ ഭാഗമായതിന് ഇരുപത് വർഷമായിരുന്നു കോടതി ശിക്ഷ വിധിച്ചത്. കണക്കനുസരിച്ച് ഈ മാസം ഇരുപതോടെ റഹീമിന്റെ ശിക്ഷാ കാലാവധി പൂർത്തിയാകും. തുടർന്ന് അഭ്യന്തര മന്ത്രാലയം എക്സിറ്റ് വിസ നൽകും. പിന്നാലെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് റഹീമിനെ മാറ്റും. അതോടെ സൗദി സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള നടപടികൾ പൂർത്തിയാകും. നടപടി പൂർത്തിയാക്കി നാട് കടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയാൽ ഉടനെ വിമാന ടിക്കറ്റ് നൽകി നാട്ടിലേക്ക് അയക്കാൻ സംവിധാനം ഒരുക്കുമെന്ന് ചെയർമാൻ സി പി മുസ്തഫ പറഞ്ഞു.

തുടർന്ന് യാത്ര തിയ്യതി ക്രമീകരിച്ച് നാട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ. ജയിൽ, ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടികൾ പൂർത്തിയായാൽ രാജ്യം വിടാനുള്ള രേഖയായ എമർജൻസി സർട്ടിഫിക്കറ്റ് അഥവാ വൈറ്റ് പാസ്പോർട്ട് ഇന്ത്യൻ എംബസ്സി തയ്യാറാക്കിയതായി സാമൂഹ്യപ്രവർത്തകനും കുടുംബത്തിന്റെ പവർ ഓഫ് അറ്റോണിയുമായ സിദ്ധിഖ് തുവ്വൂർ അറിയിച്ചിരുന്നു.

സൗദിയിലെ സർക്കാർ ഓഫീസുകൾ ഈയാഴ്ചയോടെ പെരുന്നാൾ അവധിയിലേക്ക് പ്രവേശിക്കും. ഇതിനിടയിലാണ് കോഴിക്കോട് റഹീമിന്റെ ശിക്ഷാ കാലാവധി അവസാനിക്കാനിക്കുന്നത്. ഇത് മോചന തിയതിയെ ബാധിക്കുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല. നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് നിയമസഹായ സമിതി.

Leave a Reply

Your email address will not be published. Required fields are marked *