Advertisement

മുഖ്യമന്ത്രി പദത്തിലേക്ക് വി.ഡി. സതീശന്

vs satheeshan

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ വി.ഡി. സതീശന് അനുകൂലമായ നിലപാടുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്ത്. കേരളത്തിലെ ജനപിന്തുണയും തെരഞ്ഞെടുപ്പ് വിജയത്തിലെ പങ്കും കണക്കിലെടുത്ത് സതീശനെ പിന്തുണയ്ക്കണമെന്ന നിലപാടാണ് പ്രിയങ്ക സ്വീകരിച്ചിരിക്കുന്നത്. ഇതോടെ മുഖ്യമന്ത്രി പദത്തിനായി രംഗത്തുള്ള കെ.സി. വേണുഗോപാലിന്റെ സാധ്യതകൾക്ക് മങ്ങലേറ്റിരിക്കുകയാണ്. കേരളത്തിലെ 40-ഓളം എം.എൽ.എമാർ സതീശനെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങളിൽ നിന്നുള്ള സൂചന. ഭൂരിഭാഗം എം.എൽ.എമാരും കെ.സിക്ക് ഒപ്പമാണെന്ന വാർത്തകൾ കോൺഗ്രസ് കേന്ദ്രങ്ങൾ തള്ളി.

യു.ഡി.എഫ് ഘടകകക്ഷികളും വി.ഡി. സതീശനായി ശക്തമായി നിലകൊള്ളുന്നു എന്നതും വേണുഗോപാലിന് തിരിച്ചടിയാണ്. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന കടുത്ത നിലപാട് മുസ്ലിം ലീഗ് ഹൈക്കമാൻഡിനെ അറിയിച്ചു കഴിഞ്ഞു. നേരത്തെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാൻ താല്പര്യമില്ലെന്ന് അറിയിച്ചിരുന്ന കെ.സി. വേണുഗോപാൽ, തെരഞ്ഞെടുപ്പിന് ശേഷം നിലപാട് മാറ്റിയതിൽ ലീഗ് നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചു.

പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് വിഭാഗവും സതീശന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഘടകകക്ഷികളുടെ നിലപാടും ജനവികാരവും പരിഗണിച്ചുള്ള അന്തിമ തീരുമാനം രാഹുൽ ഗാന്ധിയുടെ നിലപാടിനെ കൂടി ആശ്രയിച്ചിരിക്കും. എ.പി. അനിൽകുമാർ, മാത്യു കുഴൽനാടൻ എന്നിവരാണ് കെ.സിക്ക് വേണ്ടി എം.എൽ.എമാരുടെ പിന്തുണ ഉറപ്പാക്കാൻ ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *