Advertisement

വിഡിയോ കോളിനിടെ ഭാര്യയുമായി തർക്കം: സൗദിയിൽ ഇന്ത്യൻ യുവാവ് തൂങ്ങിമരിച്ചു

മുസാഫർനഗർ (ഉത്തർപ്രദേശ്): നാട്ടിലുള്ള ഭാര്യയുമായി വിഡിയോ കോളിൽ സംസാരിച്ചുകൊണ്ടിരിക്കെ തർക്കത്തിനിടെ സൗദി അറേബ്യയിലെ റിയാദിൽ യുവാവ് ജീവനൊടുക്കി. ഉത്തർ പ്രദേശിലെ മുസാഫർ നഗറിൽനിന്നുള്ള 24 കാരനായ മുഹമ്മദ് അൻസാരിയാണ് ജീവനൊടുക്കിയത്. ഒക്ടോബർ 26ന് ഭാര്യ സാനിയയുമായി ഫോൺ കോളിനിടെ ഉണ്ടായ രൂക്ഷമായ തർക്കത്തെ തുടർന്നാണ് ഇയാൾ റിയാദിലെ താമസസ്ഥലത്തെ മേൽക്കൂരയിൽ തൂങ്ങി മരിച്ചത്.

സാനിയ സൗദി അറേബ്യയിൽ താമസിക്കുന്ന ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. അവർ ഉടൻ അൻസാരിയുടെ വീട്ടിലേക്ക് ഓടിയെത്തുകയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് മുസാഫർനഗറിലെ ഭോപ്പ ഗ്രാമത്തിൽ അൻസാരിയും സാനിയയും വിവാഹിതരായത്. ഏകദേശം രണ്ടര മാസം മുൻപാണ് അൻസാരി ജോലിക്കായി റിയാദിൽ എത്തിയത്.

മൃതദേഹം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ബന്ധുവായ അംജദ് അലി പറഞ്ഞു. റിയാദിലെ ഇന്ത്യൻ എംബസിയെ വിവരം അറിയിച്ചിട്ടുണ്ടെന്നും, മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള രേഖകൾ തയാറാക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *