Advertisement

ഓപ്പറേഷൻ സിന്ദൂർ; നൂറ് ഭീകരരെ വധിച്ചു, പാക് വ്യോമതാവളങ്ങൾ തകർത്തു; അഞ്ച് ഇന്ത്യൻ സെെനികർക്ക് വീരമൃത്യു

ന്യൂഡല്‍ഹി: തീവ്രവാദികളെ മാത്രമാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യംവെച്ചതെന്ന് സേന. കര-നാവിക-വ്യോമ സേനയുടെ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് തെളിവുകൾ നിരത്തി വിശദീകരിച്ചത്. ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നും 100 തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നും സേന വിശദീകരിച്ചു. അതിര്‍ത്തിയിലെ ഭീകര കേന്ദ്രങ്ങളുടെ ഭൂപ്രകൃതിയും നിര്‍മ്മാണ രീതിയുമുള്‍പ്പെടെ വിശദമായി പരിശോധിച്ചെന്നും മറ്റ് നാശനഷ്ടങ്ങളുണ്ടാകാതിരിക്കാന്‍ സ്വയം നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നെന്നും സേന വ്യക്തമാക്കി.

‘നിരവധി കേന്ദ്രങ്ങള്‍ നിരീക്ഷണത്തിലുണ്ടായിരുന്നു. പലതില്‍ നിന്നും തിരിച്ചടി ഭയന്ന് ഭീകരര്‍ ഒഴിഞ്ഞുപോയിരുന്നു. തീവ്രവാദികളെ മാത്രമാണ് ലക്ഷ്യംവെച്ചത്. ഒമ്പത് ക്യാംപുകളില്‍ തീവ്രവാദികളുണ്ടെന്ന് ഇന്റലിജന്‍സ് സ്ഥിരീകരിച്ചു. ഇവയില്‍ ചിലത് പാക് അധിനിവേശ കശ്മീരിലായിരുന്നു. മറ്റുളളവ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലായിരുന്നു. കൊടുംഭീകരരെ പരിശീലിപ്പിച്ച ലഷ്‌കര്‍ ഇ തൊയ്ബയുടെ കേന്ദ്രമായ മുരുദ്‌കെ തകര്‍ക്കാനായി’- ലഫ്. ജനറല്‍ രാജീവ് ഘായ് പറഞ്ഞു.

ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണങ്ങളിലായി നൂറിലധികം ഭീകരരാണ് കൊല്ലപ്പെട്ടതെന്നും യൂസഫ് അസര്‍, അബ്ദുള്‍ മാലിക് റൗഫ്, മുദാസീര്‍ അഹമ്മദ് എന്നിവര്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്താന്‍ നിയന്ത്രണരേഖ ലംഘിച്ച് സാധാരണക്കാരുളള ജനവാസമേഖലകളിലും ആരാധനാലയങ്ങളിലും ആക്രമണം നടത്തിയെന്നും ഓരോ ആക്രമണങ്ങളെയും ഇന്ത്യ ചെറുത്തുതോല്‍പ്പിച്ചെന്നും രാജീവ് ഘായ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *