ജിദ്ദ: കൊവിഡ് -19 നെ പ്രതിരോധിക്കാനായി എല്ലാ പ്രായത്തിലുമുള്ള സ്വദേശികളും വിദേശികളും വാക്സിൻ ബൂസ്റ്റർ ഡോസ് പൂർത്തിയാക്കേണ്ടത് അതിപ്രധാനമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. 12 വയസ്സും അതിൽ കൂടുതലും പ്രായമുള്ള, മുൻ ഡോസിന് ശേഷം രണ്ട് മാസമോ അതിൽ കൂടുതലോ പിന്നിട്ടവർക്ക് കോവിഡ്-19 വാക്സിന്റെ ഇംപ്രൂവ്ഡ് ഡോസ് ലഭ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
സിഹത്തീ ആപ്പ് വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിലൂടെ വാക്സിൻ എളുപ്പത്തിൽ ലഭിക്കും. പ്രായമായവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവരോ വിട്ടുമാറാത്ത രോഗങ്ങളോ ഉള്ളവർ, ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകൾ, വൈറസ് അണുബാധയോ പകരാനുള്ള സാധ്യത വർധിപ്പിക്കുകയോ ചെയ്യുന്ന പരിതസ്ഥിതികളിലെ തൊഴിലാളികൾ, രണ്ട് മാസമോ അതിൽ കൂടുതലോ മുമ്പ് മുൻ ഡോസ് സ്വീകരിച്ചവർ എന്നിവർ ബൂസ്റ്റർ ഡോസിനുള്ള ലക്ഷ്യ ഗ്രൂപ്പുകളിൽ ഉൾപ്പെടുന്നതായി മന്ത്രാലയം വ്യക്തമാക്കി.
കോവിഡ്-19 വൈറസിന്റെ പുതിയ വകഭേദങ്ങൾക്കെതിരായ പ്രധാന അപ്ഡേറ്റുകൾ ഇംപ്രൂവ്ഡ് വാക്സിനിൽ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും അണുബാധ മൂലമുണ്ടാകുന്ന ആരോഗ്യ സങ്കീർണതകൾക്കെതിരെ മികച്ച സംരക്ഷണം നൽകാനും സഹായിക്കും.
കൊറോണ വൈറസ് വകഭേദങ്ങൾക്കെതിരായ പ്രതിരോധശേഷി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, അടിസ്ഥാന ഡോസുകൾക്ക് ശേഷം സ്വീകരിക്കുന്ന പ്രതിരോധ ഡോസാണ് ബൂസ്റ്റർ ഡോസ്. മുമ്പ് സ്വീകരിച്ച അടിസ്ഥാന ഡോസുകൾക്ക് വൈറസ് വകഭേദങ്ങൾക്കെതിരെ താരതമ്യേന നല്ല ഫലപ്രാപ്തിയുണ്ടെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.









Leave a Reply