Advertisement

വാടക വര്‍ധനക്കെതിരെ ഖുതുബകളില്‍ ഉദ്ബോധനം നടത്തണമെന്ന് സൗദി മതകാര്യവകുപ്പ്

സൗദി തലസ്ഥാന നഗരിയിലടക്കം വിവിധ പ്രവിശ്യകളില്‍ കെട്ടിടങ്ങളുടെ വാടക വന്‍തോതില്‍ വര്‍ധിപ്പിച്ച നടപടിക്കെതിരെ മതകാര്യ വകുപ്പും രംഗത്ത്. അടുത്ത വെള്ളിയാഴ്ച ജുമുഅ ഖുതുബയില്‍ വാടക വര്‍ധനയുടെ അപകടങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കണമെന്ന് മന്ത്രി അബ്ദുല്ലത്തീഫ് ആലുശൈഖ് നിര്‍ദേശം നല്‍കി. റിയല്‍ എസ്റ്റേറ്റ് മേഖലയെ നിയന്ത്രിക്കുന്നതിനും താമസ സ്ഥിരത കൈവരിക്കുന്നതിനുമായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ റിയാദില്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് വാടക വര്‍ധന പാടില്ലെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ റിയാദില്‍ കെട്ടിടങ്ങളുടെ വാടക മൂന്നിരട്ടിയോളം വര്‍ധനയുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഉന്നത ഭരണ നേതൃത്വം ഇക്കാര്യത്തില്‍ ഇടപെട്ടത്. അതോടെ റിയല്‍ എസ്‌റ്റേറ്റ് മേഖല ശാന്തമായി.

റിയല്‍ എസ്റ്റേറ്റ് മേഖല സന്തുലിതാവസ്ഥ കൈവരിക്കുന്നതിന് കിരീടാവകാശി പുറപ്പെടുവിച്ച നിയന്ത്രണങ്ങളുടെ വിശദാംശങ്ങള്‍ ഖുതുബയില്‍ അഭിസംബോധന ചെയ്യണം. സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും പാര്‍പ്പിട സൗകര്യം സുഗമമാക്കുന്നതിനാണ് ഈ നിയന്ത്രണങ്ങള്‍ ലക്ഷ്യമിടുന്നത്. ഇത് നിരവധി കുടുംബങ്ങള്‍ക്ക് മാനസികവും സാമൂഹികവുമായ സ്ഥിരത നല്‍കുന്നു.

അത്യാഗ്രഹവും അമിത ലാഭവും ഒഴിവാക്കാന്‍ സ്വത്തുടമകളെ പ്രേരിപ്പിക്കുകയും വേണം. കാരണം അടിക്കടിയുള്ള വാടക വര്‍ധന വാടകക്കാരെ ദോഷകരമായി ബാധിക്കുകയും കുടുംബങ്ങള്‍ക്ക് പ്രയാസങ്ങള്‍ വരുത്തുകയും ചെയ്യും. അമിത ലാഭത്തിന് വാടക പെരുപ്പിച്ച് കാണിക്കുന്നത് ജനങ്ങളുടെ ഉപജീവന മാര്‍ഗത്തിന് വിഘാതങ്ങള്‍ സൃഷ്ടിക്കുന്നു. സ്വത്തുടമകള്‍ അല്ലാഹുവിനെ ഭയപ്പെടുകയും വാടകക്കാരോട് സഹിഷ്ണുതയുള്ളവരുമാകണം. അവരുടെ അത്യാഗ്രഹത്തിനെതിരെയുള്ള മുന്നറിയിപ്പ് ഖുതുബയില്‍ ഉള്‍പ്പെടുത്തണം. മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *