Advertisement

സൗദിയില്‍ പാരാഗ്ലൈഡിംഗ് പുനരാരംഭിക്കാൻ അനുമതി നൽകി

സൗദിയില്‍ പാരാഗ്ലൈഡിംഗ് പുനരാരംഭിക്കാൻ കായിക മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി ബിന്‍ ഫൈസല്‍ രാജകുമാരന്‍ അംഗീകാരം നല്‍കിയതായി സൗദി പാരാഗ്ലൈഡിംഗ് ഫെഡറേഷന്‍ അറിയിച്ചു. റെഗുലേറ്ററി വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കി സുരക്ഷയും മറ്റും ഉറപ്പാക്കിയ ശേഷം ബന്ധപ്പെട്ട വകുപ്പുകളുമായി സംസാരിച്ചതിനെ തുടർന്നാണ് പാരാഗ്ലൈഡിംഗ് പുനരാരംഭിക്കാന്‍ മന്ത്രി അനുമതി നല്‍കിയത്. എയര്‍ സ്പോര്‍ട്സിനെ മുൻനിർത്തി സൗദി അറേബ്യയെ ശക്തിപ്പെടുത്താനാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്നും, സൗദി വിഷന്‍ 2030 ന്റെ ഭാഗമായി സ്പോര്‍ട്സ് പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കാനുമാണ് ഇതെന്നും അബഹ ആസ്ഥാനമായുള്ള സൗദി പാരാഗ്ലൈഡിംഗ് ഫെഡറേഷന്‍ വിശദീകരിച്ചു.

താരങ്ങൾക്കും, അമച്വര്‍മാര്‍ക്കും സുരക്ഷിതം ഉറപ്പാക്കാനും ഈ കായിക വിനോദത്തിന്റെ വളര്‍ച്ചയെ പിന്തുണക്കാനുമായി ഔദ്യോഗിക വകുപ്പിലെ ഉദ്യോഗസ്ഥർ, പ്രത്യേക വിദഗ്ധർ എന്നിവരുമായി സഹകരിച്ച് സുരക്ഷയും പ്രൊഫഷണലിസവും സംബന്ധിച്ച നിയന്ത്രണങ്ങളും നിയമങ്ങളും തയ്യാറാക്കിയിട്ടുണ്ട്. അമേച്വര്‍മാര്‍ക്കും പ്രൊഫഷണലുകള്‍ക്കുമായി നൂതന പരിശീലന പരിപാടികള്‍, യോഗ്യതാ കോഴ്സുകള്‍, മത്സര പരിപാടികള്‍ എന്നിവ വരുംകാലയളവില്‍ ആരംഭിക്കുമെന്ന് ഫെഡറേഷന്‍ അറിയിച്ചു. കൂടാതെ നിരവധി അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പുകളും ഇവന്റുകളും സംഘടിപ്പിക്കും. ഈ മേഖലയില്‍ സൗദി പൗരന്മാരുടെ കഴിവുകള്‍ ശക്തിപ്പെടുത്താൻ ഇത് സഹായിക്കും. പ്രാദേശികമായി ഈ കായിക വിനോദത്തെ പിന്തുണക്കാനും വികസിപ്പിക്കാനും സഹായിക്കുന്ന അന്താരാഷ്ട്ര പങ്കാളിത്തങ്ങളെ ആകര്‍ഷിക്കാനും ഫെഡറേഷന്‍ പ്രവര്‍ത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *