Advertisement

ഡബ്ല്യുഡബ്ല്യുഇ ഇടിക്കൂട്ടിലെ ഇതിഹാസം ഹൾക്ക് ഹോഗൻ വിടവാങ്ങി

ഡബ്ല്യുഡബ്ല്യുഇ ഇടിക്കൂട്ടിലെ ഇതിഹാസം  ഹൾക്ക് ഹോഗൻ വിടവാങ്ങിഫ്ലോറിഡ: വ്യാഴാഴ്ച രാവിലെ ഫ്ലോറിഡയിലെ ക്ലിയർവാട്ടറിലുള്ള വീട്ടിൽവച്ച് ഹൃദയാഘാതത്തെത്തുടർന്ന് ഡബ്ല്യുഡബ്ല്യുഇ ഇതിഹാസം ഹൾക്ക് ഹോഗൻ (ടെറി ജീൻ ബൊല്ലിയ) 71 അന്തരിച്ചു. റെസ്‌ലിങ് ലോകത്ത് വലിയ ദുഃഖം സൃഷ്ടിച്ച ഈ വാർത്ത, ആരാധകരെയും സഹപ്രവർത്തകരെയും ഒരുപോലെ ഞെട്ടിച്ചു.

റിപ്പോർട്ടുകൾ പ്രകാരം, രാവിലെ 9:51-ഓടെ ഹൃദയാഘാതം സംഭവിച്ചതിനെത്തുടർന്ന് അടിയന്തര സേവനങ്ങൾ ഹോഗന്റെ വീട്ടിലെത്തുകയും അദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല. ഹോഗൻ കോമയിലാണെന്ന അഭ്യൂഹങ്ങൾ അദ്ദേഹത്തിന്റെ ഭാര്യ സ്കൈ ദിവസങ്ങൾക്ക് മുൻപ് നിഷേധിച്ചിരുന്നു. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം സുഖം പ്രാപിച്ച് വരികയാണെന്നും അവർ അറിയിച്ചിരുന്നു.

1980-കളിലും 90-കളിലും ഡബ്ല്യുഡബ്ല്യുഇ റെസ്‌ലിങ്ങിനെ ആഗോളതലത്തിൽ പ്രശസ്തനാക്കുന്നതിൽ ഹൾക്ക് ഹോഗൻ ഒരു പ്രധാന പങ്ക് വഹിച്ചു. “ഹൾക്കമാനിയ” എന്ന പേരിൽ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ച അദ്ദേഹം, തന്റെ അസാമാന്യമായ ശരീരഘടനയും ആകർഷകമായ വ്യക്തിത്വവും കൊണ്ട് റെസ്‌ലിങ് ചരിത്രത്തിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായി മാറി. മഞ്ഞയും ചുവപ്പും നിറങ്ങളിലുള്ള അദ്ദേഹത്തിന്റെ വേഷവും “വാച്ച് യാ ഡൂയിൻ’, ബ്രദർ!” പോലുള്ള ക്യാച്ച്ഫ്രെയ്സുകളും ലോകമെമ്പാടുമുള്ള ആരാധകർക്ക് സുപരിചിതമായിരുന്നു.

റെസ്ലിങ് റിങ്ങിനപ്പുറം, ‘റോക്കി III’ ഉൾപ്പെടെയുള്ള സിനിമകളിലും ടെലിവിഷൻ പരിപാടികളിലും ഹോഗൻ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ വിയോഗം റെസ്‌ലിങ് ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്.

Leave a Reply

Your email address will not be published. Required fields are marked *