ദുബായിയുടെ സ്വന്തം എയര്‍ലൈന്‍സായ എമിറേറ്റ്‌സ് കാബിന്‍ ക്രൂ തസ്തികകളിലേക്ക് ആഗോള റിക്രൂട്ട്മെന്റ് നടത്തുന്നു. ലോകത്തിലെ ഏറ്റവും പ്രശസ്തമായ വ്യോമയാന ടീമുകളിലൊന്നില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഇതൊരു യൂണിഫോമിനേക്കാള്‍ ഉപരി ഒരു ജീവിതശൈലിയാണ്. നിങ്ങളുടെ എമിറേറ്റ്‌സ് കാബിന്‍ ക്രൂ യാത്ര ആരംഭിക്കൂ, അത് നിങ്ങളെ എവിടെയെത്തിക്കുമെന്ന് കാണൂ! എന്ന് ദുബായ് ആസ്ഥാനമായുള്ള എയര്‍ലൈന്‍ തങ്ങളുടെ സമൂഹമാധ്യമ പേജുകളില്‍ അറിയിച്ചു. താല്‍പര്യമുള്ളവര്‍ക്ക് എമിറേറ്റ്‌സ് ഗ്രൂപ്പ് കരിയേഴ്സ് വെബ്‌സൈറ്റ് വഴി റെസ്യൂമെ അയക്കാം
വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളുള്ള ഒരു ടീമില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിവുള്ള, ഊര്‍ജസ്വലരും സേവന തത്പരരുമായ വ്യക്തികളെയാണ് എമിറേറ്റ്‌സ് തേടുന്നത്. യോഗ്യതകള്‍: കുറഞ്ഞത് 21 വയസ്സ് പൂര്‍ത്തിയായിരിക്കണം. കുറഞ്ഞത് 160 സെന്റീമീറ്റര്‍ ഉയരവും നിന്നാല്‍ 212 സെന്റീമീറ്റര്‍ ഉയരത്തില്‍ എത്താനുള്ള കഴിവുമുണ്ടായിരിക്കണം.
ഇംഗ്ലിഷില്‍ സംസാരിക്കാനും എഴുതാനും നന്നായി അറിയണം (മറ്റ് ഭാഷാ പരിജ്ഞാനം അധിക യോഗ്യതയാണ്). കുറഞ്ഞത് ഒരു വര്‍ഷത്തെ ഹോസ്പിറ്റാലിറ്റി അല്ലെങ്കില്‍ കസ്റ്റമര്‍ സര്‍വീസ് പരിചയം. കുറഞ്ഞത് ഹൈസ്‌കൂള്‍ ഡിപ്ലോമ (ഗ്രേഡ് 12) ഉണ്ടായിരിക്കണം. യൂണിഫോമില്‍ ആയിരിക്കുമ്പോള്‍ കാണുന്ന ഭാഗങ്ങളില്‍ ടാറ്റൂകള്‍ പാടില്ല. യുഎഇയുടെ തൊഴില്‍ വിസ ആവശ്യകതകള്‍ നിറവേറ്റാന്‍ കഴിയണം.
കാബിന്‍ ക്രൂ അംഗങ്ങള്‍ വിമാനത്തില്‍ ഉയര്‍ന്ന സുരക്ഷയും സേവന നിലവാരവും ഉറപ്പാക്കാന്‍ ബാധ്യസ്ഥരാണ്. ആത്മവിശ്വാസം, ഏത് സാഹചര്യവുമായും പൊരുത്തപ്പെടാനുള്ള കഴിവ്, സമ്മര്‍ദ്ദങ്ങളില്‍ ശാന്തമായിരിക്കാനുള്ള ശേഷി എന്നിവ ഈ ജോലിയ്ക്ക് ആവശ്യമാണ്. സുരക്ഷാ പ്രോട്ടോക്കോളുകള്‍ കൈകാര്യം ചെയ്യുന്നത് മുതല്‍ മികച്ച ഉപയോക്തൃ സേവനം നല്‍കുന്നത് വരെ, ദുബായിലെ എമിറേറ്റ്‌സിന്റെ അത്യാധുനിക സൗകര്യങ്ങളുള്ള കേന്ദ്രത്തില്‍ നിന്ന് ക്രൂ അംഗങ്ങള്‍ക്ക് വിപുലമായ പരിശീലനം ലഭിക്കും.
താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ദുബായിലും തിരഞ്ഞെടുക്കപ്പെട്ട മറ്റ് രാജ്യാന്തര നഗരങ്ങളിലും എല്ലാ ആഴ്ചയും റിക്രൂട്ട്‌മെന്റ് ഇവന്റുകള്‍ നടക്കുന്നുണ്ട്. ഇവ ക്ഷണം ലഭിച്ചവര്‍ക്ക് മാത്രമുള്ളതാണ്. ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ട അപേക്ഷകരെ അവരുടെ അടുത്തുള്ള അവസരത്തെക്കുറിച്ച് അറിയിക്കും.
അടിസ്ഥാന ശമ്പളം: പ്രതിമാസം 4,430 ദിര്‍ഹം, ഫ്‌ലൈയിങ് പേ: മണിക്കൂറില്‍ 63.75 ദിര്‍ഹം (പ്രതിമാസം 80-100 മണിക്കൂര്‍ പറക്കുന്നത് അനുസരിച്ച്). ശരാശരി പ്രതിമാസ ആകെ വരുമാനം: 10,170 ദിര്‍ഹം. യാത്രകളിലെ താമസ സൗകര്യങ്ങള്‍, വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള ഗതാഗത സൗകര്യം, രാജ്യാന്തര യാത്രകള്‍ക്കുള്ള ഭക്ഷണ അലവന്‍സുകള്‍ എന്നിവ അധിക ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുന്നു.
ഇംഗ്ലിഷിലുള്ള ഏറ്റവും പുതിയ സിവി ആയിരിക്കണം അയക്കേണ്ടത്. ഏറ്റവും പുതിയ ഫോട്ടോ. ലോകം ചുറ്റിക്കറങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു സുവര്‍ണാവസരമാണ്.
Leave a Reply