Advertisement

ഗാസയിലെ ദുരിതാശ്വാസ വിതരണം താറുമാറായി; പഴയ സംവിധാനം പുനഃസ്ഥാപിക്കണമെന്ന് യു.എന്‍ ഏജന്‍സി

ഗാസ സിറ്റി- ഗാസ മുനമ്പിലെ നിലവിലെ ദുരിതാശ്വാസ വിതരണ സംവിധാനം പൂര്‍ണമായും പരാജയപ്പെട്ടെന്ന് പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സി (UNRWA) സ്ഥിരീകരിച്ചു. ദിവസേന നൂറുകണക്കിന് ട്രക്കുകള്‍ ഭക്ഷണവും അവശ്യവസ്തുക്കളും എത്തിക്കാന്‍ അനുവദിച്ചിരുന്ന മുന്‍ സംവിധാനം പുനഃസ്ഥാപിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

UNRWA കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ ജൂലിയറ്റ് ടൗമ ഒരു പത്രക്കുറിപ്പില്‍ അറിയിച്ചത്, ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ തടസ്സങ്ങളും അന്താരാഷ്ട്ര ജീവനക്കാര്‍ക്ക് പ്രവേശന വിസ നിഷേധിക്കുന്നതും ഉണ്ടായിട്ടും ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള പലസ്തീനികള്‍ക്ക് തങ്ങളുടെ പ്രധാന സേവനങ്ങള്‍ തുടര്‍ന്നും നല്‍കുന്നുണ്ടെന്നാണ്. ‘ഗാസ അതിര്‍ത്തിയില്‍ ഏകദേശം 6,000 ട്രക്കുകള്‍ മരുന്നുകളും ഭക്ഷണവും അവശ്യവസ്തുക്കളുമായി കുടുങ്ങിക്കിടക്കുന്നുണ്ട്. ഈ സാധനങ്ങള്‍ അടിയന്തരമായി പ്രവേശിപ്പിക്കാന്‍ അനുവദിക്കേണ്ടത് ജനങ്ങളെ രക്ഷിക്കാന്‍ അത്യാവശ്യമാണ്,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നത്തെ ഗാസയിലെ സാഹചര്യം യുദ്ധത്തിന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ വളരെ വ്യത്യസ്തമാണെന്നും, വ്യാപകമായ നാശനഷ്ടങ്ങളും സുരക്ഷാ ഇല്ലായ്മയുംമൂലം ജനങ്ങളുടെ ആവശ്യങ്ങള്‍ ഭക്ഷണത്തില്‍ ഒതുങ്ങുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ ഏറ്റവും മികച്ച സാഹചര്യത്തില്‍ നാല് ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും, യുദ്ധത്തിന് മുമ്പ് UNRWA ഗാസ മുനമ്പ് മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന 400-ല്‍ അധികം വിതരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നുവെന്നും അവര്‍ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *