കൊല്ലം: തന്റെയും കുഞ്ഞിന്റെയും മരണത്തിന് കാരണക്കാർ ഭർത്താവും സഹോദരിയും ഭർതൃപിതാവുമെന്ന് ഷാർജയിൽ തൂങ്ങിമരിച്ച കൊല്ലം സ്വദേശിനി വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പ്. ഭർത്താവ് നിതീഷിൽ നിന്നും നേരിട്ടത് ക്രൂര പീഡനമായിരുന്നുവെന്നും കുറിപ്പിൽ പറയുന്നു. ഭർത്താവ് നിതീഷ്, സഹോദരി നീതു, പിതാവ് മോഹനൻ എന്നിവരാണ് തന്റെ മരണത്തിന് ഉത്തരവാദികളെന്നാണ് വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്.
കല്യാണം ആഡംബരമായി നടത്തിയില്ല, സ്ത്രീധനം കുറഞ്ഞുപോയി, കാർ കൊടുത്തില്ല തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് മാനസികമായി പീഡിപ്പിച്ചുവെന്നും ഭർതൃപിതാവ് അപമര്യാദയായി പെരുമാറിയെന്നും ഇക്കാര്യം ഭർത്താവിനോട് പറഞ്ഞപ്പോൾ അയാൾക്ക് വേണ്ടി കൂടിയാണ് തന്നെ കല്യാണം കഴിച്ചതാണെന്ന് മറുപടി പറഞ്ഞെന്നുമടക്കമുള്ള കാര്യങ്ങൾ കൊല്ലത്തെ ബന്ധുക്കൾക്കയച്ച ആത്മഹത്യാകുറിപ്പിലുണ്ട്.
ഭർത്താവിന് മറ്റ് സ്ത്രീകളുമായി അടുപ്പമുണ്ടായിരുന്നു. ഭർത്താവിന്റെ കുടുംബത്തിൽ നിന്നുള്ള പീഡനകാര്യങ്ങൾ വിവരിച്ച് വിപഞ്ചിക ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. കുഞ്ഞിനുവേണ്ടിയാണ് ഇത്രയുംകാലം എല്ലാം സഹിച്ചെന്നും പക്ഷേ ഇനി വയ്യെന്നും പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. നിതീഷിൽനിന്നേറ്റ ശാരീരിക പീഡനങ്ങളുടെ ചിത്രങ്ങളും വിപഞ്ചിക ഫേസ്ബുക്കിൽ പങ്കുവെച്ചു. മകൾ നേരിട്ട പീഡനങ്ങൾ തന്നോട് പറഞ്ഞിരുന്നില്ലെന്ന് വിപഞ്ചികയുടെ അമ്മ ഷൈലജ പറഞ്ഞു. നിതീഷിന്റെ പിതാവ് മോഹനൻ തന്നോടും മോശമായി പെരുമാറിയതായും അവർ കൂട്ടിച്ചേർത്തു.
ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്. കുഞ്ഞിന്റെ മൃതദേഹം ഷാർജയിൽ സംസ്കരിക്കാനുള്ള നിതീഷിന്റെ നീക്കം അനുവദിക്കില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി. നടപടികൾ പൂർത്തിയാക്കി അടുത്തയാഴ്ചയാകും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുക. ഷാർജയിലെ കമ്പനിയിൽ എച്ച്.ആർ മാനേജറായിരുന്നു വിപഞ്ചിക.
Leave a Reply