പാലക്കാട് തച്ചനാട്ടുകരയിൽ നിപ സ്ഥിരീകരിച്ച യുവതിയുടെ നില ഗുരുതരമായി തുടരുന്നുവെന്ന് ജില്ലാ കളക്ടർ ജി പ്രിയങ്ക. യുവതിക്ക് രണ്ടു ഡോസ് ആൻറി ബോഡി മെഡിസിൻ നൽകി. ക്ലോസ് കോൺടാക്ട് ഉണ്ടായിരുന്ന ഒരാളുടെ ഫലം നെഗറ്റീവാണെന്ന് കളക്ടർ അറിയിച്ചു. രണ്ട് പേരുടെ പരിശോധനാഫലം കൂടി വരാനുണ്ടെന്ന് കളക്ടർ പറഞ്ഞു.
വവ്വാലുകള ഒരു കാരണവശാലും തുരത്താൻ ശ്രമിക്കരുത് എന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. ജില്ലയിൽ ആറ് വാർഡുകളിൽ നിയന്ത്രണമേർപ്പെടുത്തിയതായി കളക്ടർ പറഞ്ഞു. ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നം നേരിടുന്നുണ്ടെങ്കിൽ 0491 2504002 എന്ന കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് കളക്ടർ ആവശ്യപ്പെട്ടു. രണ്ട് സിംപ്റ്റമാറ്റിക് കേസ് പാലക്കാട് ഉണ്ടെന്ന് കളക്ടർ അറിയിച്ചു.
നിപ സ്ഥിരീകരിച്ച യുവതിയെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. യുവതിയുടെ സമ്പർക്ക പട്ടികയിലുള്ള പത്തു വയസുകാരിയെ നേരിയ പനിയെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടേഴ്‌സ് അറിയിച്ചു.
അതേസമയം കേരളത്തിൽ നിപ മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേന്ദ്ര സംഘം കേരളത്തിലെത്തും. നാഷണൽ ഔട്ട്‌ബ്രേക്ക് റെസ്‌പോൺസ് ടീം സംസ്ഥാനം സന്ദർശിക്കുന്നത് പരിഗണനയിലാണ്. കേരളത്തിലെ സ്ഥിതി വിലയിരുത്തും. നാഷണൽ ഔട്ട് ബ്രേക്ക് റസ്‌പോൺസ് ടീമായിരിക്കും കേരളത്തിൽ എത്തുക.
Leave a Reply