മാഡ്രിഡ്: യൂറോപ്പിലെങ്ങും ട്രാൻസ്ഫർ നീക്കങ്ങൾ ചൂടുപിടിക്കുകയാണ്. പ്രീമിയർ ലീഗിലെ റെക്കോർഡ് തുക മുടക്കി ബയേർ ലെവർകൂസനലിൽ നിന്ന് ഫ്ളോറിയാൻ വിർട്സിനെയെത്തിച്ച് ലിവർപൂൾ എതിരാളികൾക്ക് സൂചന നൽകി കഴിഞ്ഞു. സ്പെയിനിലും പുതിയ സീസൺ മുന്നിൽകണ്ടുള്ള അണിയറ നീക്കങ്ങൾ ആരംഭിച്ചു.
റയൽ മാഡ്രിഡ്… ട്രാൻസ്ഫർ മാർക്കറ്റിൽ അറിഞ്ഞു കളിക്കുന്നവർ എന്നൊരു ടാഗ് ലൈനുണ്ട് ലോസ് ബ്ലാങ്കോസിന്. പോയകാലങ്ങളിൽ അവർ നടത്തിയ സർപ്രൈസ് നീക്കങ്ങളും ഭാവി മുന്നിൽകണ്ടുള്ള സൈനിങുകളുമെല്ലാം ഈ വിശേഷണത്തിന് ബലം പകരുന്നതാണ്. ബാഴ്സലോണയിൽ നിന്ന് ഒറ്റരാത്രികൊണ്ട് റെക്കോർഡ് തുകയ്ക്ക് ലൂയി ഫിഗോയെ ബെർണബ്യൂവിലെ ആകാശത്ത് ലോഞ്ച് ചെയ്തത് മുതൽ സാക്ഷാൽ ക്രിസ്റ്റിയാനോയുടെ ട്രാൻസ്ഫർ വരെയായി ഒട്ടേറെ ചടുലനീക്കങ്ങൾ. ലോകത്തിലെ ഏറ്റവും മികച്ച ക്ലബ് എന്ന ലേബലും സാമ്പത്തിക ഭദ്രതയും ഫ്ളോറന്റീന പെരസ് എന്ന ചാണക്യനും ചേരുന്നതോടെ അന്നും ഇന്നും റയൽ അനിഷേധ്യ സാന്നിധ്യമാകുന്നു
ലൂയിസ് ഫിഗോക്ക് പുറമെ സിനദിൻ സിദാൻ, ഡേവിഡ് ബെക്കാം, റൊണാൾഡോ നസാരിയോ എന്നിവരെല്ലാം ഒരു കാലത്തെ റയൽ ഗലാറ്റികോസ് സംഘത്തിന്റെ വക്താക്കളായിരുന്നു. 2009 മുതൽ 2014 വരെയായി ക്രിസ്റ്റിയാനോ… കക്ക, ഗരത് ബെയിൽ, ജെയിംസ് റോഡ്രിഗസ്… വൻ തുക ചെലവഴിച്ച് റയൽ ബെർണബ്യുവിലെത്തിച്ചവരുടെ പട്ടികയങ്ങനെ നീളുകയാണ്. പൊന്നുംവില നൽകി മറ്റു ക്ലബുകൾക്ക് മുകളിൽപറന്ന് താരങ്ങളെ റാഞ്ചിയെടുക്കാൻ മാത്രമല്ല, നല്ല വിലക്ക് വിറ്റഴിക്കാനുമറിയാമെന്നും ലോസ് ബ്ലാങ്കോസ് പലകുറി തെളിയിച്ചു. അത്തരത്തിൽ ട്രാൻസ്ഫർ മാർക്കറ്റിലെ റയൽ നടത്തിയ ചില സുപ്രധാന ട്രാൻസ്ഫറുകൾ പരിശോധിക്കാം.
ക്രിസ്റ്റിയാനോ റൊണാൾഡോ. റയൽ ഇതിഹാസ താരമായ റോണോ 438 തവണയാണ് സ്പാനിഷ് ക്ലബിന്റെ ജഴ്സിയണിഞ്ഞത്. സ്കോർ ചെയ്തത് 450 ഗോളുകൾ. ക്ലബിനൊപ്പം ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ 16 മേജർ ട്രോഫികളും സിആർ സെവൻ സ്വന്തമാക്കി. നാല് ബാലൻദിഓറും റയലിലെ കാലയളവിൽ താരത്തെ തേടിയെത്തി. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഗോളടിച്ച് കൂട്ടിയ യങ് സെൻസേഷനെ 2009ലാണ് റയൽ സൈൻ ചെയ്തത്. അന്നത്തെ വലിയ തുകയായ 80 മില്യണാണ് ഇതിനായി ചെലവഴിച്ചത്. എന്നാൽ ഈ തുക റോണോയുടെ വിൽപനയിലൂടെ തിരിച്ചുപിടിക്കാൻ റയലിനായി. 2018 ൽ റിലീസ് ക്ലോസായ 100 മില്യൺ പൗണ്ടിന്റെ റെക്കോർഡ് ഡീലിലാണ് 33ാം വയസിൽ റോണോയെ ഇറ്റാലിയൻ ക്ലബ് യുവന്റസ് സ്വന്തമാക്കിയത്.
കസമിറോ ടു മാഞ്ചസ്റ്റർ യുണൈറ്റഡ്. ബ്രസീലിയൻ ഡിഫൻസീവ് മിഡ്ഫീൽഡർക്കായി 60 മില്യൺ പൗണ്ടാണ് ലോസ് ബ്ലാങ്കോസ് വിലയിട്ടത്. റയലിൽ സിനദിൻ സിദാൻ യുഗത്തിൽ ടോപ് ക്ലാസ് പുറത്തെടുത്ത കാസി തൂവെള്ള ജഴ്സിയിൽ 336 മത്സരങ്ങളിലാണ് കളത്തിലിറങ്ങിയത്. 31 ഗോളുകളും അടിച്ചുകൂട്ടി. ഒൻപത് വർഷ കരിയറിൽ യുസിഎൽ അടക്കം 18 ട്രോഫികളാണ് ഈ കാലയളവിൽ റയൽ ഷെൽഫിലെത്തിയത്. ബ്രസീലിയൻ ക്ലബ് സാവോ പോളോയിൽ നിന്ന് ചെറിയ ട്രാൻസ്ഫർ തുക നൽകി ഒപ്പം കൂട്ടിയ കസമിറോ പിൽകാലത്ത് സ്പാനിഷ് ക്ലബിന്റെ സുപ്രധാന താരമായി ചുവടുവെക്കുന്നതാണ് ഫുട്ബോൾ ലോകം കണ്ടത്.എന്നാൽ സ്പെയിനിൽ പുറത്തെടുത്ത ആ പ്രകടനം യുണൈറ്റഡിനൊപ്പം തുടരാൻ പലപ്പോഴും ബ്രസീലിയൻ ഡിഫൻസീവ് മിഡ്ഫീൽഡർക്കായില്ല.
എയ്ഞ്ചൽ ഡി മരിയ. റയൽ നിരയിലെ അർജന്റൈൻ കരുത്ത്. 2010ൽ 21 മില്യൺ പൗണ്ട് മുടക്കി പോർച്ചുഗീസ് ക്ലബ് ബെനഫിക്കയിൽ നിന്നാണ് മുന്നേറ്റ താരം മാഡ്രിഡിലെത്തിയത്. 190 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ ഡി മരിയ വിംഗറായും അറ്റാക്കിങ് മിഡ്ഫീൽഡറായും ബെർണബ്യൂവിൽ കളംനിറഞ്ഞു. കരിയറിൽ റയലിനായി 36 ഗോൾനേടിയ അർജന്റീനൻ സൂപ്പർതാരം 85 അസിസ്റ്റും നൽകി. 2014 സമ്മർ ട്രാൻസ്ഫറിൽ ഏകദേശം 60 മില്യൺ പൗണ്ട് നൽകിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ ഓൾഡ് ട്രഫോഡിലെത്തിച്ചത്.
മൊസ്യൂട്ട് ഓസിൽ. റയൽ മാഡ്രിഡ് മിഡ്ഫീൽഡിലെ സുപ്രധാന താരമായിരുന്നു ഓസിൽ. 2010 ലോകകപ്പിൽ ജർമനിക്കായി നടത്തിയ മാന്ത്രിക പ്രകടനം യങ് ഓസിലിനെ ആഗോളതലത്തിൽ ശ്രദ്ധേയനാക്കി. ഒട്ടും വൈകാതെ 12.4 മില്യൺ പൗണ്ട് നൽകി ജർമൻ ക്ലബ് വെർഡർ ബ്രെമനിൽ നിന്ന് റയൽ താരത്തെ ഒപ്പംചേർത്തു. ക്ലബിന്റേയും പ്രസിഡന്റ് പെരസിന്റേയും തീരുമാനം ശരിയെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീട് കളത്തിൽ കണ്ടത്. 157 മത്സരത്തിൽ നിന്നായി 27 ഗോളും 80 അസിസ്റ്റുമായി താരനിബിഡമായ അന്നത്തെ ചാമ്പ്യൻ ക്ലബിൽ ഓസിലും തന്റെപേരെഴുതി ചേർത്തു. റയലിലെ മൂന്നുവർഷ കരിയറിന് ശേഷം 2013ൽ താരം ഇംഗ്ലീഷ് ക്ലബ് ആർസനലിലേക്ക് ചേക്കേറി. അന്ന് 42.4 മില്യൺ പൗണ്ടാണ് ജർമൻ പ്ലേമേക്കറെ സൈൻ ചെയ്യാനായി ഗണ്ണേഴ്സ് റയലിന് നൽകിയത്. ലോസ് ബ്ലാങ്കോസിലെ അതേഫോം ആർസനലിലും തുടർന്ന ഓസിൽ പിൽകാലത്ത് പ്രീമിയർ ലീഗിലേയും ശ്രദ്ധേയ സാന്നിധ്യമായി.
മതേയോ കൊവാസിച്. ഇന്റർമിലാനിൽ നിന്ന് 25 മില്യൺ ട്രാൻസ്ഫർ ഫീ നൽകിയാണ് ക്രൊയേഷ്യൻ മിഡ്ഫീൽഡറെ റയൽ കൂടാരത്തിലെത്തിച്ചത്. എന്നാൽ കസമിറോ, ടോണി ക്രൂസ്, ലൂകാ മോഡ്രിച് അണിനിരന്ന വൈബ്രന്റ് റയൽ മധ്യനിരയിൽ കൊവാസിചിന് അധികം അവസരം ലഭിച്ചില്ല. 109 തവണ കളത്തിലിറങ്ങിയ ക്രൊയേഷ്യൻ താരം മൂന്ന് ഗോളുകളാണ് നേടിയത്. 2018ൽ ലോണിൽ ചെൽസിയിലേക്ക് പോയ താരം പിന്നീട് ഡീൽ പെർമിന്റാക്കി. താരത്തെ വിറ്റതിലൂടെ 40 മില്യൺ പൗണ്ടാണ് റയൽ അക്കൗണ്ടിലെത്തിയത്.
അഷ്റഫ് ഹക്കീമി. നിലവിൽ പിഎസ്ജിയിൽ തകർപ്പൻ പ്രകടനം നടത്തുന്ന മൊറോക്കൻ റൈറ്റ്ബാക്കിന് സ്പെയിനിലൊരു ഭൂതകാലമുണ്ടായിരുന്നു. റയൽ യൂത്ത് അക്കാദമിയിലൂടെ ശ്രദ്ധേയനായ ഹക്കീമിക്ക് പക്ഷെ സീനിയർ ടീമിൽ ചുവടുറപ്പിക്കാനായില്ല. ഡാനി കാർവഹാൽ, നാച്ചോ എന്നിവരുടെ സാന്നിധ്യം ഹക്കീമിയെ പലപ്പോഴും ബെഞ്ചിലിരുത്തി. ആകെ അവസരം ലഭിച്ചത് 17 മത്സരങ്ങളിൽ മാത്രം. പ്ലേടൈം കുറഞ്ഞതോടെ ലോണിൽ ബൊറൂസിയ ഡോർട്ട്മുണ്ടിലേക്ക് പോയ മൊറോക്കൻ താരം അവിടെ ശ്രദ്ധേയ പ്രകടനമാണ് പുറത്തെടുത്തത്. തുടർന്ന് 2020ൽ 36 മില്യൺ പൗണ്ടിന് റയലിൽ നിന്ന് ഇന്റർ മിലാനിലേക്ക്.
അർജന്റൈൻ സ്ട്രൈക്കർ ഗോൺസാലോ ഹിഗ്വയിൻ, ഫ്രഞ്ച് ഡിഫൻഡർ റഫേൽ വരാനെ… ബ്രസീലിയൻ ഫോർവേഡ് റോബീന്യോ… റയലിന്റെ മികച്ച ട്രാൻസ്ഫർ ഡീലുകളുടെ പട്ടികയങ്ങനെ നീളുകയാണ്.
Leave a Reply