Advertisement

വിവാഹത്തിനും സർക്കാർ പരിപാടികൾക്കും ഇനി പ്ലാസ്റ്റിക് വേണ്ട; വെള്ളകുപ്പി മുതൽ സ്ട്രോ വരെ ഔട്ടാക്കി ഹൈക്കോടതി, ഒക്ടോബർ രണ്ടിന് പ്രാബല്യത്തിൽ  

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾക്ക് നിയന്ത്രിക്കാൻ നിർണായക ഇടപെടൽ നടത്തി കേരള ഹൈക്കോടതി. സംസ്ഥാനത്ത് വിവാഹ ചടങ്ങുകളിലും സർക്കാർ പരിപാടികളിലും മലയോര ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഹൈക്കോടതി നിരോധിച്ചു. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ട് മുതൽ നിയന്ത്രണം പൂർണമായി നടപ്പിലാക്കാനാണ് തീരുമാനം. വിവാഹ ചടങ്ങുകളിൽ വ്യാപകമായി ഉപയോഗിക്കുന്ന അര ലിറ്ററിന്റെ കുപ്പികൾ പൂർണമായി നിരോധിക്കും. അഞ്ച് ലിറ്റർ മുതലുള്ള കുപ്പികൾ മാത്രമാകും ഇനി അനുവദിക്കുക. ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, പി ഗോപിനാഥ് എന്നിവരുടെ ബെഞ്ചിന്റേതാണ് നിർദേശം.

 

 

 

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുള്ള ഭക്ഷണ പാത്രങ്ങൾ, പ്ലേറ്റുകൾ, കപ്പ്, സ്‌ട്രോ, ബേക്കറി ബോക്‌സുകൾ, കവറുകൾ തുടങ്ങിയവയ്ക്കാണ് വിലക്ക് ഉണ്ടാവുക. ഇവ ഉപയോഗിക്കുകയോ വിൽക്കുകയോ ചെയ്യുന്നത് നിയമ വിരുദ്ധമായി മാറും. വിവാഹം അടക്കമുള്ള ചടങ്ങുകൾ, ഓഡിറ്റോറിയങ്ങൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, കേന്ദ്ര-സംസ്ഥാന സർക്കാർ പരിപാടികൾ എന്നിവയിൽ എല്ലാം ഈ നിരോധനം ബാധകവുമാകും.

 

അഞ്ച് ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ, രണ്ട് ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് ശീതള പാനീയ കുപ്പികൾ, പ്ലാസ്റ്റിക് സ്‌ട്രോ, പ്ലേറ്റുകൾ, കപ്പ്, സ്പൂൺ, കത്തി മുതലായവ ഉപയോഗിക്കുന്നതിനും നിരോധനം ഉണ്ട്. ഇത് ഹോട്ടലുകളുടെ ലൈസൻസ് വ്യവസ്ഥകളുടെ ഭാഗമാക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

 

വിവാഹത്തിന് പുറമെ, സംസ്ഥാനത്ത് നടക്കുന്ന സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ ഔദ്യോഗിക ചടങ്ങുകളിലും ഈ നിരോധനം ബാധകമായിരിക്കും. നിർദേശങ്ങൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ മതിയായ നടപടികൾ സ്വീകരിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. ഹൈക്കോടതിയിൽ അപ്പീൽ നിലനിൽക്കുന്നതിനാൽ 60 ജിഎസ്എമ്മിൽ കൂടുതലുള്ള നോൺ വോവൻ ബാഗുകളുടെ കാര്യത്തിൽ നിരോധനം ബാധകമല്ല.

Leave a Reply

Your email address will not be published. Required fields are marked *