Advertisement

സൗദിയിലെ ഹോട്ടലുകൾ  അടുത്ത മാസം മുതല്‍ ഭക്ഷണത്തിലെ കഫീനും കലോറിയും വെളിപ്പെടുത്തല്‍ നിര്‍ബന്ധം

അടുത്ത മാസാദ്യം മുതല്‍ സൗദിയിലെ ഭക്ഷണശാലകള്‍ ഭക്ഷണത്തിലെ ചേരുവകളും കഫീനും കലോറിയും വെളിപ്പെടുത്തല്‍ നിര്‍ബന്ധമാണെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അറിയിച്ചു. സുതാര്യത വര്‍ധിപ്പിക്കാനും ഉപഭോക്താക്കള്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കാനും പുറത്തു നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ശരിയായ പോഷകാഹാരം തിരഞ്ഞെടുക്കാനും ഇതുവഴി സാധിക്കും.

ജൂലൈ ഒന്നു മുതല്‍ ഉയര്‍ന്ന അളവില്‍ ഉപ്പ് അടങ്ങിയ ഭക്ഷണത്തിന് സമീപം ഉപ്പ് ലേബല്‍ സ്ഥാപിക്കല്‍, പാനീയങ്ങളിലെ കഫീന്‍ ഉള്ളടക്കം വെളിപ്പെടുത്തല്‍, ഭക്ഷണം കഴിക്കുന്നതിന്റെ ഫലമായ കലോറി കത്തിക്കാന്‍ ആവശ്യമായ സമയം വ്യക്തമാക്കല്‍ എന്നിവയുള്‍പ്പെടെ ഭക്ഷണ ശാലകള്‍ മെനുകളില്‍ വിശദമായ പോഷകാഹാര വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം. ഓണ്‍ലൈന്‍ ഓര്‍ഡറിംഗ് പ്ലാറ്റ്ഫോമുകള്‍ ഉള്‍പ്പെടെ പേപ്പര്‍, ഇലക്‌ട്രോണിക് മെനു പട്ടികകള്‍ അടക്കം എല്ലാ തരം മെനു പട്ടികകള്‍ക്കും ഈ വ്യവസ്ഥകള്‍ ബാധകമാണ്.

 

ഭക്ഷണപാനീയങ്ങളിലെ ഉപ്പിന്റെയും കഫീന്റെയും അളവ് ഉപഭോക്താക്കള്‍ക്ക് അറിയാനും അംഗീകൃത ആരോഗ്യ ശുപാര്‍ശകളുമായി അവ താരതമ്യം ചെയ്യാനും ഈ നടപടികളിലൂടെ അതോറിറ്റി ലക്ഷ്യമിടുന്നു. മുതിര്‍ന്നവരുടെ ഉപ്പ് ഉപഭോഗം പ്രതിദിനം അഞ്ചു ഗ്രാമില്‍ (ഒരു ടീസ്പൂണിന് തുല്യം) കൂടരുത് എന്ന് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നു. പ്രതിദിനം കഫീന്‍ ഉപഭോഗം മുതിര്‍ന്നവര്‍ക്ക് 400 മില്ലിഗ്രാമിലും ഗര്‍ഭിണികള്‍ക്ക് 200 മില്ലിഗ്രാമിലും കൂടരുത്. റെസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കും ഉപഭോക്താക്കള്‍ക്കും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി വെബ്സൈറ്റിലെ ഓണ്‍ലൈന്‍ കഫീന്‍ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കാവുന്നതാണെന്നും അതോറിറ്റി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *