Advertisement

ജിദ്ദ എയര്‍പോര്‍ട്ടില്‍ നിന്ന് മക്കയിലേക്ക് ഓരോ മണിക്കൂറിലും ഹറമൈൻ ഹൈസ്പീഡ് ട്രെയിൻ

ഈ വര്‍ഷത്തെ ഹജ് പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമായി സൗദി അറേബ്യ റെയില്‍വെയ്‌സ് ഹറമൈന്‍ ഹൈസ്പീഡ് ട്രെയിന്‍ വഴി ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മക്കയിലേക്ക് ഓരോ മണിക്കൂറിലും ട്രെയിന്‍ സര്‍വീസ് നടത്തുന്നു. ഹജ് സീസണില്‍ തീര്‍ഥാടകരുടെ ഗതാഗതം സുഗമമാക്കാനും സേവന കാര്യക്ഷമത വര്‍ധിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. ഇത്തവണത്തെ ഹജ് സീസണ്‍ പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമായി ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെയില്‍ 4,700 ലേറെ ട്രെയിന്‍ സര്‍വീസുകള്‍ നടത്തുമെന്ന് സൗദി അറേബ്യ റെയില്‍വെയ്‌സ് നേരത്തെ അറിയിച്ചിരുന്നു. ലോകത്തെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് ട്രെയിനുകളില്‍ ഒന്നായ ഹറമൈന്‍ ഹൈസ്പീഡ് ട്രെയിന്‍ മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നു. ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് മക്കയിലേക്കുള്ള യാത്രാ സമയം ഒരു മണിക്കൂറില്‍ താഴെയായി ട്രെയിന്‍ സര്‍വീസ് കുറക്കുന്നു.

കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്കിന്റെയും വിമാനത്താവളത്തില്‍ എത്തുന്ന തീര്‍ഥാടകരുടെ, പ്രത്യേകിച്ച് ആഭ്യന്തര തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് എയര്‍പോര്‍ട്ട് സ്റ്റേഷനില്‍ നിന്ന് മക്കയിലേക്കുള്ള ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം സൗദി അറേബ്യ റെയില്‍വെയ്‌സ് വര്‍ധിപ്പിച്ചത്. സുഗമമായ ട്രെയിന്‍ സര്‍വീസ് ഉറപ്പാക്കാനും തീര്‍ഥാടകര്‍ക്ക് യാത്രാ സൗകര്യം നല്‍കുന്നതില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷയും കാര്യക്ഷമതയും കൈവരിക്കാനും സൗദി അറേബ്യ റെയില്‍വെയ്‌സ് ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നു.

 

തീര്‍ഥാടകര്‍ക്ക് സുഗമവും സുഖകരവുമായ ഗതാഗത അനുഭവം നല്‍കുന്നതിന് സൗദി അറേബ്യ റെയില്‍വെയ്‌സ് എല്ലാ ശേഷികളും ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് കമ്പനി പബ്ലിക് റിലേഷന്‍സ് ആന്റ് മീഡിയ വകുപ്പിലെ ഉദ്യോഗസ്ഥന്‍ ഹുസാം അല്‍ശഹ്രി പറഞ്ഞു. ഇത്തവണത്തെ ഹജ് സീസണില്‍ ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെയില്‍ 4,700 ലേറെ സര്‍വീസുകളില്‍ ഇരുപതു ലക്ഷത്തിലേറെ സീറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ഹജ് സീസണിനെ അപേക്ഷിച്ച് ഇത്തവണ ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെയില്‍ നാലു ലക്ഷം സീറ്റുകള്‍ കൂടുതല്‍ ഒരുക്കിയിട്ടുണ്ട്. വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റാനായി കമ്പനി പ്രതിദിന സര്‍വീസുകളുടെ എണ്ണം ക്രമേണ വര്‍ധിപ്പിച്ചുവരികയാണ്. നിലവില്‍ അഞ്ചു സ്റ്റേഷനുകള്‍ക്കിടയില്‍ പ്രതിദിനം 100 ലേറെ സര്‍വീസുകള്‍ നടത്തുന്നു. തിരക്കേറിയ ദിവസങ്ങളില്‍ പ്രതിദിന സര്‍വീസുകള്‍ 140 വരെയായി ഉയര്‍ത്തും.

ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ബാഗില്ലാതെ ഹജ് സംരംഭം നടപ്പാക്കുന്നത് ഹറമൈന്‍ ഹൈസ്പീഡ് ട്രെയിന്‍ തുടരുന്നു. തീര്‍ഥാടകര്‍ അവരുടെ രാജ്യങ്ങളില്‍ നിന്ന് പുറപ്പെടുന്നത് മുതല്‍ മക്കയിലെ അവരുടെ താമസസ്ഥലങ്ങളില്‍ എത്തുന്നതു വരെയുള്ള യാത്ര സുഗമമാക്കാനാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ സംരംഭം സ്വന്തം രാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ വെച്ച് ലഗേജുകള്‍ കൈമാറി മക്കയിലെ താമസസ്ഥലങ്ങളില്‍ വെച്ച് അവ സ്വീകരിക്കാന്‍ തീര്‍ഥാടകര്‍ക്ക് അവസരമൊരുക്കുന്നു. പദ്ധതി പ്രയോജനപ്പെടുത്തുന്ന തീര്‍ഥാടകര്‍ക്ക് ജിദ്ദ എയര്‍പോര്‍ട്ടില്‍ നിന്ന് ലഗേജ് സ്വീകരിക്കാതെ ഹറമൈന്‍ ഹൈസ്പീഡ് ട്രെയിനില്‍ മക്കയിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കും. ഹജ് സംവിധാനം മെച്ചപ്പെടുത്താനുള്ള സൗദി അറേബ്യയുടെ അഭിലാഷങ്ങള്‍ക്ക് അനുസൃതമായി, തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിന്റെയും ഹാജിമാരുടെ യാത്ര സുഗമമാക്കുന്നതിന്റെയും ഭാഗമായാണ് ഈ സംരംഭം നടപ്പാക്കുന്നതെന്നും ഹുസാം അല്‍ശഹ്‌രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *