ദുബായ്: ചികിത്സക്കായി ഇന്ത്യയിലേക്ക് കൊണ്ടുപോകാൻ ഒരുങ്ങുന്നതിനിടെ പ്രത്യേക പരിചരണം ആവശ്യമുള്ള എട്ട് വയസ്സുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മുത്തശ്ശി. അഫ്ഗാനിസ്ഥാൻ കുടുംബത്തിലെ കുട്ടിയാണ് കൊല്ലപ്പെട്ടത്. കുട്ടിയെ വസ്ത്രം മാറാൻ സഹായിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു കൊലപാതകം. കുട്ടിയുടെ തന്നെ വസ്ത്രം ഉപയോഗിച്ച് കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.
ദുബായിലായിരുന്നു നാടിനെ നടുക്കിയ സംഭവം. ഈ സമയം താൻ വീട്ടിൽ നിന്ന് പുറത്തുപോയിരിക്കുകയായിരുന്നുവെന്ന് പള്ളി ഇമാമായ പെൺകുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു. തിരിച്ചെത്തിയപ്പോൾ മകൾ അനങ്ങാതെ കിടക്കുന്നതായി കണ്ടു. ഉടൻ തന്നെ ആംബുലൻസിൽ വിവരമറിയിക്കുകയും ഉടൻ സ്ഥലത്തെത്തിയ പാരാമെഡിക്കുകൾ പെൺകുട്ടി മരിച്ചതായി സ്ഥിരീകരിക്കുകയുമായിരുന്നുവെന്നും പിതാവ് പറയുന്നു. കുട്ടിയുടെ കഴുത്തിൽ കഴുത്തുഞെരിച്ചതിന്റെ വ്യക്തമായ പാടുകൾ ഉണ്ടായിരുന്നതായും പറയുന്നു.
കുട്ടിയുടെ പിതാവിന്റെ മാതാപിതാക്കളെ അടുത്തിടെയാണ് സന്ദർശക വീസയിൽ ദുബായിലേക്ക് കൊണ്ടുവന്നത്. കുട്ടിയെ പരിപാലിക്കുന്ന കാര്യം പറഞ്ഞ് മുൻപും തർക്കമുണ്ടായിരുന്നതായും അതുകൊണ്ട് മാതാവിനെ സംശയിക്കുന്നുവെന്നും കുട്ടിയുടെ പിതാവി പൊലീസിനോട് പറഞ്ഞു.
ദുബായ് പൊലീസ് പട്രോളിങ്, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർ, ഫോറൻസിക് വിദഗ്ധർ എന്നിവർ സംഭവസ്ഥലത്തി ചോദ്യം ചെയ്യലിനുശേഷം മുത്തശ്ശിയാണ് കുറ്റകൃത്യം ചെയ്തതെന്ന് കണ്ടെത്തി. ചോദ്യംചെയ്യലിന് ഒടുവിൽ അവർ കുറ്റകൃത്യം സമ്മതിച്ചു.
കുട്ടിയുടെ അസുഖം മൂലം താൻ ക്ഷീണിതയാണെന്നും മകനെയും മരുമകളെയും പരിചരണത്തിന്റെ ഭാരത്തിൽ നിന്ന് മോചിപ്പിക്കുകയായിരുന്നു ഉദ്ദേശ്യമെന്നും അവർ പൊലീസിനോട് പറഞ്ഞു. പെൺകുട്ടിയെ ചികിത്സക്കായി ഇന്ത്യയിലേക്ക് കൊണ്ടുപോകാൻ കുടുംബം തയാറെടുക്കുകയായിരുന്നു. കൂടുതൽ നിയമനടപടികൾക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. അധികൃതർ അന്വേഷണം തുടരുന്നു.
Leave a Reply