Advertisement

‘ഷഹബാസിന്റെ കൊലയാളികൾ പരീക്ഷ എഴുതണ്ട’; പ്രതിഷേധിച്ച് കെഎസ്‌യുവും എംഎസ്എഫും; തടഞ്ഞ് പോലീസ്

കോഴിക്കോട് : താമരശ്ശേരി ഷഹബാസ് കൊലപാതകത്തിൽ കുറ്റാരോപിതരെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് കെഎസ്‌യുവും എംഎസ്എഫും. വിദ്യാർത്ഥികളെ വെള്ളിമാടുകുന്നിലെ പരീക്ഷാ കേന്ദ്രത്തിൽ തടയുമെന്ന് യൂത്ത് കോൺഗ്രസും എംഎസ്എഫും പ്രഖ്യാപിച്ചു. ഇന്ന് രാവിലെ വെള്ളിമാട്കുന്ന് ജുവനൈൽ ഹോമിന് മുന്നിൽ കെ എസ് യു പ്രവർത്തകരും എംഎസ്എഫും പ്രതിഷേധിച്ചിരുന്നു.

പ്രതിഷേധിക്കാനെത്തിയ ആറ് കെ എസ് യു പ്രവർത്തകരെയും എം എസ് എഫ് പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധിക്കാനെത്തിയ എം എസ് എഫ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കെയർ ഹോമിന് മുൻപിൽ കൂടുതൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് കെ എസ് യുവിൻ്റെയും എം എസ് എഫിൻ്റെയും തീരുമാനം. പ്രതിഷേധ സാധ്യത കണക്കിലെടുത്തായിരുന്നു കുറ്റാരോപിതരായവരുടെ പരീക്ഷാ കേന്ദ്രം താമരശ്ശേരി ഹയർസെക്കൻഡറി സ്കൂളിൽ നിന്നും കോഴിക്കോട് വെള്ളിമാടുകുന്നിലേക്ക് മാറ്റിയത്.

പരീക്ഷാ കേന്ദ്രം മാറ്റണമെന്ന് ആവശ്യപ്പെട്ട് താമരശ്ശേരി പൊലീസ് പരീക്ഷാ ഭവൻ സെക്രട്ടറിക്കും ജില്ലാ കളക്ടര്‍ക്കും കത്ത് നല്‍കിയിരുന്നു. ജുവനൈല്‍ ഹോമിനടുത്ത കേന്ദ്രങ്ങളില്‍ സജ്ജീകരണം ഒരുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടപടി. കുട്ടികളെ പരീക്ഷയ്ക്കെത്തിച്ചാല്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പ് പൊതുവികാരം മാനിക്കണമെന്നും വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തുന്നത് മറ്റ് കുട്ടികളെ ബാധിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞിരുന്നു. വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കരുത് എന്ന ആവശ്യവുമായി എംഎസ്എഫും രംഗത്തെത്തിയിരുന്നു.

താമരശ്ശേരി ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ അഞ്ച് പേരെയാണ് കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ട്യൂഷന്‍ സെന്ററിലുണ്ടായ പ്രശ്നത്തിന്റെ ചുവടുപിടിച്ച് നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസിന് ജീവന്‍ നഷ്ടമായത്.

താമരശ്ശേരിയിലെ ട്രിസ് ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി സെന്റ് ഓഫ് സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ഷഹബാസ് പഠിച്ചിരുന്ന എളേറ്റില്‍ എം ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ഡാന്‍സ് അവതരിപ്പിക്കുകയും അപ്രതീക്ഷിതമായി പാട്ട് നില്‍ക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് താമരശ്ശേരി ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കൂകി വിളിച്ചു. ഇതോടെ രണ്ട് സ്‌കൂളിലേയും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉടലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *