Advertisement

റഹീമിന്‍റെ കേസ് വീണ്ടും മാറ്റിവെച്ചു; 10ാം തവണയാണ് റിയാദിലെ ക്രിമിനൽ കോടതി കേസ് മാറ്റിവെക്കുന്നത്

റിയാദ്: റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്​ദുൽ റഹീമിന്‍റെ മോചനകാര്യത്തിൽ ഇന്നത്തെ കോടതി സിറ്റിങ്ങിലും തീരുമാനമായില്ല.

റഹീമിന്‍റെ അഭിഭാഷകർ കോടതിയിൽ സമർപ്പിച്ച ജാമ്യ ഹരജിയിലും തീർപ്പുണ്ടായില്ല. 10ാം തവണയാണ് റിയാദിലെ ക്രിമിനൽ കോടതി കേസ് മാറ്റിവെക്കുന്നത്. രാവിലെ 11ന്​ ആരംഭിച്ച സിറ്റിങ്ങിൽ പതിവുപോലെ ജയിലിൽനിന്ന് അബ്​ദുൽ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി പ്രതിനിധി സവാദും കുടുംബപ്രതിനിധി സിദ്ദിഖ് തുവ്വൂരും പങ്കെടുത്തു.

മാർച്ച് മൂന്നിനായിരുന്നു കഴിഞ്ഞ സിറ്റിങ്. അന്ന്​ കോടതി റിയാദ്​ ഗവർണറേറ്റിനോട്​ കേസിന്‍റെ ഒറിജിനൽ ഫയൽ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. വീണ്ടും സൂക്ഷ്​മ പരിശോധന നടത്തി അന്തിമ തീരുമാനമെടുക്കുന്നതിനായിരുന്നു.

ദിയാധനം സ്വീകരിച്ച് വാദിഭാഗം മാപ്പ് നൽകിയതോടെ വധശിക്ഷ കോടതി ഏഴ്​ മാസം മുമ്പ് ഒഴിവാക്കിയിരുന്നു. എന്നാൽ പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പാവാത്തതാണ് ജയിൽ മോചനം അനിശ്ചിതത്തിലാക്കുന്നത്. റിയാദിലെ ഇസ്കാൻ ജയിലിൽ കഴിയുന്ന റഹീമിന്‍റെ തടവുകാലം ഇപ്പോൾ 19ാം വർഷത്തിലേക്ക് കടന്നു. പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ സാധാരണ തടവുശിക്ഷയാണ് വിധിക്കുക. 19 വർഷമായി തടവിലായതിനാൽ ഇനി തടവുശിക്ഷ വിധിച്ചാലും അധികനാൾ ജയിലിൽ തുടരേണ്ടിവരില്ല. ഇതുവരെ അനുഭവിച്ച തടവുകാലം ശിക്ഷയായി പരിഗണിച്ച് മോചനം നൽകാനാണ് സാധ്യത.

എന്തായാലും കോടതിയുടെ അന്തിമ വിധിതീർപ്പിനാണ് അബ്​ദുൽ റഹീമിന്‍റെയും ലോകമലയാളികളുടെയും കാത്തിരിപ്പ്. ഒന്നര കോടി സൗദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) ആണ് ലോകവ്യാപകമായി മലയാളികൾ ചേർന്ന് പിരിച്ച് നൽകിയത്. അങ്ങനെ സമാഹരിച്ച പണമാണ് മരിച്ച സൗദി ബാലന്‍റെ കുടുംബത്തിന് ദിയാധനമായി നൽകിയത്. തുടർന്നാണ് അവർ മാപ്പ് നൽകിയതും കോടതി വധശിക്ഷ റദ്ദ് ചെയ്തതും. ഇത് പ്രൈവറ്റ് റൈറ്റ് പ്രകാരമുള്ള കേസിലുള്ള തീർപ്പ് മാത്രമായിരുന്നു. പബ്ലിക് റൈറ്റ് പ്രകാരമുള്ള വിധിതീർപ്പിന് കോടതിയിൽ ഒന്നേന്ന് തുടങ്ങേണ്ടതുണ്ടായിരുന്നു. അതിനായുള്ള ആദ്യ സിറ്റിങ് കഴിഞ്ഞ വർഷം ഒക്ടോബർ 21നാണ് നടന്നത്. എന്നാൽ ബഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും അറിയിച്ച് കോടതി കേസ് മാറ്റിവെച്ചു. അതിന് ശേഷം എല്ലാ മാസവും (ചില മാസങ്ങളിൽ രണ്ട് തവണ) കോടതി കേസ് പരിഗണിക്കുന്നുണ്ടെങ്കിലും തീർപ്പിലെത്തുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *