Advertisement

30 ദിവസത്തെ വെടിനിര്‍ത്തലിന് സമ്മതിച്ച് യുക്രെയ്ന്‍; പന്ത് ഇനി റഷ്യയുടെ കോര്‍ട്ടിലെന്ന് അമേരിക്ക

റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ ആശ്വാസ വാര്‍ത്ത. വെടിനിര്‍ത്തല്‍ അംഗീകരിച്ച് യുക്രെയ്ന്‍. സൗദി അറേബ്യയില്‍ നടന്ന അമേരിക്ക-യുക്രെയ്ന്‍ ഉന്നതതല ചര്‍ച്ചയിലാണ് തീരുമാനമായത്. അമേരിക്ക മുന്നോട്ടുവെച്ച 30 ദിവസത്തെ അടിയന്തര വെടിനിര്‍ത്തല്‍ നിര്‍ദേശം യുക്രെയ്ന്‍ അംഗീകരിക്കുകയായിരുന്നു. യുക്രെയ്ന്‍ വഴങ്ങിയതോടെ, സൈനികസഹായവും രഹസ്യാന്വേഷണ വിവരങ്ങള്‍ കൈമാറുന്നതും പുനരാരംഭിക്കുമെന്ന് അമേരിക്കയും വ്യക്തമാക്കി.

റഷ്യയുമായി അടിയന്തര ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും യുക്രെയ്ന്‍ അറിയിച്ചിട്ടുണ്ട്. ഇതോടെ മൂന്ന് വര്‍ഷമായി തുടരുന്ന സംഘര്‍ഷങ്ങള്‍ക്ക് അന്ത്യമുണ്ടാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. പരസ്പര ധാരണയോടെ വെടിനിര്‍ത്തല്‍ തുടരാമെന്ന് സംയുക്ത പ്രസ്താവനയില്‍ യുഎസ്സും യുക്രെയ്‌നും വ്യക്തമാക്കി.

ഒമ്പത് മണിക്കൂറോളം നീണ്ട നയതന്ത്ര ചര്‍ച്ചകള്‍ക്കൊടുവിലാണ് സമവായത്തിലെത്തിയത്. പന്ത് ഇനി റഷ്യയുടെ കോര്‍ട്ടിലാണെന്നും നിര്‍ദേശം റഷ്യ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. റഷ്യയുടെ ഭാഗത്തു നിന്ന് അനുകൂലമായ മറുപടിയല്ല ലഭിക്കുന്നതെങ്കില്‍, സമാധാനത്തിനുള്ള തടസ്സം എന്താണെന്ന് മനസ്സിലാകുമല്ലോയെന്നും റൂബിയോ പറഞ്ഞു.

റഷ്യ-യുക്രെയ്ന്‍ സമാധാനത്തിന് മുന്‍കൈയ്യെടുത്ത ട്രംപ് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയെ വൈറ്റ് ഹൗസിലേക്ക് സ്വാഗതം ചെയ്യുകയും ഈ ആഴ്ച തന്നെ വ്‌ളാഡിമിര്‍ പുടിനമായി ചര്‍ച്ച നടത്താനുള്ള സന്നദ്ധ അറിയിക്കുകയും ചെയ്തിട്ടുണ്ട്. മുമ്പ് അപൂര്‍വ ധാതുക്കരാറില്‍ ഒപ്പുവെക്കാന്‍ യു.എസിലെത്തിയ സെലന്‍സ്‌കിയും ട്രംപും തമ്മിലെ കൂടിക്കാഴ്ച വാക്കുതര്‍ക്കത്തില്‍ കലാശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *