Advertisement

സൗദിയിൽ ശക്തമായ ശീതക്കാറ്റ്; താപനില പൂജ്യത്തിനും താഴെ

 

റിയാദ്: സൗദി അറേബ്യയുടെ പല ഭാഗങ്ങളിലും ശക്തമായ ശീതക്കാറ്റ്. രാജ്യത്തുടനീളം താപനില ക്രമാതീതമായി കുറയുകയും കനത്ത തണുപ്പ് അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. വടക്കു കിഴക്കൻ ഭാ​ഗത്തുള്ള റഫ ​ഗവർണറേറ്റിലെ ഒരു അലങ്കാര ഫൗണ്ടൻ തണുത്തുറഞ്ഞ് ഐസായി മാറിയിരിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ടിട്ടുണ്ട്. സുൽത്താൻ അൽ ഷമ്മാരി എന്നയാളാണ് ഫോട്ടോ എടുത്തത്. രാവിലെ 8 മണിക്ക് എടുത്ത ഫോട്ടായാണ് ഇതെന്നും ആ സമയത്ത് റഫയിൽ -2 ഡി​ഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയിരുന്നതെന്നും അൽ ഷമ്മാരി പറഞ്ഞു. തുറസ്സായ സ്ഥലങ്ങളിലെ വെള്ളം തണുത്തുറയുകയും മരങ്ങളിലും പുൽമേടുകളിലും മഞ്ഞ് രൂപപ്പെടുകയും ചെയ്തിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ മധ്യ, വടക്കു കിഴക്കൻ പ്രദേശങ്ങളിൽ അത് ശൈത്യം ഉണ്ടാകാനിടയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വടക്കൻ അതിർത്തി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന തുറൈഫിൽ -4 ഡി​ഗ്രി സെൽഷ്യസ് താപനില ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്. അവിടുത്തെ ജലോപരിതലങ്ങൾ തണുത്തുറഞ്ഞതായും ഐസ് കട്ടകൾ രൂപപ്പെട്ടതായും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *