നെന്മറ: പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സുധാകരൻ്റെ മരണം അബദ്ധത്തില്‍ സംഭവിച്ചതെന്നായിരുന്നു ചെന്താമര പൊലീസിനോട് പറഞ്ഞത്. വടിവാള്‍ വലിയ വടിയില്‍ കെട്ടി പറമ്പിലേക്ക് പോകുകയായിരുന്നു. ഈ സമയം സുധാകരന് സ്കൂട്ടറുമായി വന്ന് തന്നെ ഇടിക്കാന്‍ ശ്രമിച്ചു. ഇതിനിടെ തൻ്റെ കയ്യില്‍ ഉണ്ടായിരുന്ന വടിവാള്‍ അബദ്ധത്തില്‍ സുധാകരൻ്റെ കഴുത്തില്‍കൊണ്ട് മുറിവേറ്റു. സുധാകരന് ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ അങ്ങോട്ട് വെട്ടി. ലക്ഷ്മി എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അവരേയും വെട്ടിയെന്നും ചെന്താമര പൊലീസിനോട് പറഞ്ഞു.
ചൊവ്വാഴ്ച രാത്രി പത്തരയോടെ പോത്തുണ്ടിക്ക് സമീപം സ്വന്തം വീടിന്റെ പരിസരത്തുനിന്നായിരുന്നു ചെന്താമരയെ പൊലീസ് പിടികൂടിയത്. ചെന്താമര ഭക്ഷണം കഴിക്കാന്‍ എത്തുമെന്ന അയാളുടെ ചേട്ടന് രാധാകൃഷ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വീടിന് സമീപം പൊലീസ് തമ്പടിച്ചിരുന്നു. വീടിന് സമീപത്തെ വയലിന് സമീപമെത്തിയപ്പോള്‍ ചെന്താമരയെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാള്‍ പോത്തുണ്ടി മാട്ടായിയില്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും നാട്ടുകാരും പ്രദേശത്ത് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെയാണ് പ്രതിയെ പോത്തുണ്ടിയില്‍ സ്വന്തം വീടിന് സമീപത്തുനിന്ന് പൊലീസ് പിടികൂടിയത്.
വീട്ടില്‍ നിന്ന് വൈദ്യപരിശോധനയ്ക്കായിരുന്നു പ്രതിയെ ആദ്യം കൊണ്ടുപോയത്. ഇതിന് ശേഷം നെന്മാറ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. പ്രതിയെ പിടികൂടി എന്ന വാര്‍ത്തവന്നതോടെ നെന്മാറ പൊലീസ് സ്റ്റേഷന് പരിസരത്ത് ജനം തമ്പടിച്ചിരുന്നു. പ്രതിയെ പൊലീസ് എത്തിച്ചതോടെ ജനങ്ങളും പൊലീസ് സ്റ്റേഷന്റെ ഗേറ്റിന് സമീപത്തേയ്ക്ക് പാഞ്ഞടുത്തു. ഇതോടെ പൊലീസ് ഗേറ്റ് അടയ്ക്കുകയും ജനങ്ങളെ പുറത്താക്കുകയും ചെയ്തു. ജനക്കൂട്ടം ഗേറ്റ് അടിച്ചുതകര്‍ത്തു. ചെന്താമരയെ തങ്ങളെ കാണിക്കണമെന്നായിരുന്നു ജനങ്ങളുടെ ആവശ്യം. ഇതിനിടെ പ്രതിയെ പൊലീസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.
Leave a Reply