ഹമാസ് ബന്ദികളാക്കിയ മൂന്ന് പേര് വീടണഞ്ഞു; വൈകാരിക രംഗങ്ങൾഗാസയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ ബന്ദികളാക്കിയവരില്‍ ചിലരെ ഹമാസ് മോചിപിച്ചു. 90 പലസ്തീന് തടവുകാര്‍ക്ക് പകരമായാണ് മൂന്ന് സ്ത്രീകളെ ഹമാസ് മോചിപ്പിച്ചത്. റോമി ഗോനന്‍, ഡോറോണ്‍ സ്റ്റെയിന്‍ബ്രെച്ചര്‍, എമിലി ഡമാരി എന്നീ മൂന്ന് സ്ത്രീകളാണ് 471 ദിവസത്തെ അനിശ്ചിതത്വത്തിനൊടുവില്‍ വീടണയുന്നത്.
കുടുംബവുമായി ഒത്തുചേരുന്ന വൈകാരിക നിമിഷങ്ങള്‍ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പങ്കുവെച്ച ഇസ്രയേല്‍ പ്രധാനമന്ത്രി മൂവരേയും സ്വാഗതം ചെയ്തു. ‘ഒരു രാഷ്ട്രം മുഴുവന്‍ നിങ്ങളെ ആലിംഗനം ചെയ്യുന്നു. വീട്ടിലേക്ക് സ്വാഗതം’- എന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഫോണിലൂടെയുള്ള പ്രതികരണം.
ടെല്‍ അവീവില്‍ വെച്ചാണ് ബന്ദികളെ ഹമാസ് റെഡ് ക്രോസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. തിരികെയെത്തുന്ന മൂവരേയും കാത്ത് ഷബാമെഡിക്കല് സെന്ററില്‍ ബന്ധുക്കള്‍ കാത്ത് നിന്നിരുന്നു. ഇസ്രായേല്‍ പതാകകള്‍ പുതച്ച് മൂന്ന് സ്ത്രീകള്‍ പുറത്തേക്ക് വരുന്നതും അവരെ ബന്ധുക്കള്‍ ആലിംഗനം ചെയ്ത് കരയുന്നതും വീഡിയോയില്‍ കാണാം. ബന്ദികളിലൊരാളുടെ ഇടത് കൈ ബാന്‍ഡേജ് ഇട്ടതും രണ്ട് വിരലുകള്‍ നഷ്ടപ്പെട്ടതായും വീഡിയോയില്‍ കാണാം. 2023 ഒക്ടോബര്‍ 7 ന് നടത്തിയ ആക്രമണത്തിലാണ് ഹമാസ് മൂന്ന് സ്ത്രീകളെയും ഹമാസ് ബന്ദികളാക്കിയത്. ഏതാണ്ട് 1200 പേരാണ് അന്ന് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
‘ഒരുവര്‍ഷമായി ജീവിച്ചിരിപ്പുണ്ടോ എന്ന് പോലുമറിയില്ല. അതിനുള്ള ഒരു സൂചനപോലും ലഭിച്ചിരുന്നില്ല. ഇതാദ്യമായാണ് ഞങ്ങള്‍ അവളെ കാണുന്നത്, അവളെ കെട്ടിപ്പിടിച്ച് ഞങ്ങള്‍ അവളെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് പറയാന്‍ കാത്തിരിക്കുകയാണ് ഞങ്ങള്‍,.’ മോചിതരായ ബന്ദികളുടെ കുടുംബം പറഞ്ഞു.
അതേസമയം, പടക്കം പൊട്ടിച്ചും മറ്റും വലിയ ആഘോഷത്തോടെയാണ് മോചിപ്പിക്കപ്പെട്ട പലസ്തീന് തടവുകാരെ ഗാസ എതിരേറ്റത്. ഞായറാഴ്ച മോചിപ്പിക്കപ്പെടുന്ന ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിട്ടതോടെയാണ് വെനിര്‍ത്തല്‍ കരാര്‍ നിലവില്‍വന്നത്. 33 ബന്ദികളെയാണ് ഹമാസ് ഘട്ടം ഘട്ടമായി മോചിപ്പിക്കുക. ഇതില്‍ മൂന്നുപേരെയാണ് ഞായറാഴ്ച വിട്ടയച്ചത്. ആദ്യഘട്ടത്തില്‍ മോചിപ്പിക്കുന്ന 737 പലസ്തീന് തടവുകാരുടെ വിശദാംശങ്ങള്‍ ഇസ്രയേല്‍ നീതിന്യായവകുപ്പും പുറത്തുവിട്ടിട്ടുണ്ട്.
Leave a Reply