Advertisement

അഫാന്‍റെ പിതാവ് അബ്​ദുറഹീം ഒടുവിൽ നാട്ടിൽ

ദമ്മാം: വെഞ്ഞാറമൂട്​ കൂട്ടക്കൊല​ക്കേസിലെ പ്രതി അഫാന്‍റെ പിതാവ്​ അബ്​ദുറഹീം ഒടുവിൽ നാട്ടിലെത്തി. വ്യാഴാഴ്​ച രാത്രി ദമ്മാമിൽനിന്ന്​​ എയർഇന്ത്യ എക്​സ്​പ്രസ്​ വിമാനത്തിൽ പുറപ്പെട്ട അദ്ദേഹം വെള്ളിയാഴ്​ച രാവിലെ​ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി.

ഇഖാമ പുതുക്കാതെ നിയമപ്രശ്​നത്തിലും കച്ചവടം തകരാറിലായി സാമ്പത്തികപ്രതിസന്ധിയിലുമായി ഏഴുവർഷമായി നാട്ടിൽ പോകാനാകാതെ കഴിയുന്നതിനിടയിൽ ഉറ്റവരുടെ കൂട്ടക്കൊലപാതകമെന്ന വലിയ ദുരന്തമുഖത്ത്​ സർവതും തകർന്നുനിന്ന അബ്​ദുറഹീമിന്​ ദമ്മാമിലെ ജീവകാരുണ്യ പ്രവർത്തകനും ലോകകേരള സഭ അംഗവുമായ നാസ്​ വക്കമാണ് രക്ഷകനായത്​​​. നാസ്​ വക്കത്തിന്‍റെ ഇടപെടലിലൂടെയാണ്​ യാത്രാരേഖകൾ ശരിയാക്കി നാടണയാൻ വഴിയൊരുങ്ങിയത്​.

ദമ്മാമിലെ കാർ ആക്​സസറീസ്​ കടയിലെ ​ജോലിയിലായിരുന്നു അബ്​ദുറഹീം. വൈകീട്ട്​ നാട്ടിൽനിന്ന്​ സഹോദരിയുടെ മകനാണ്​ വിളിച്ച്​ ഞെട്ടിക്കുന്ന വിവരമറിയിച്ചത്​​. ജ്യേഷ്​ഠൻ അബ്​ദുൽ ലത്തീഫും ഭാര്യ ഷാഹിദയും​ കൊല്ലപ്പെട്ട വിവരമാണ്​ ആദ്യം അറിഞ്ഞത്​. കൃത്യം ചെയ്​തത്​ ത​ന്‍റെ മൂത്ത മകൻ അഫാനാണെന്നുകൂടി അറിഞ്ഞതോടെ അബ്​ദുറഹീം എല്ലാ നിയന്ത്രണങ്ങളും നഷ്​ടമായ അവസ്​ഥയിലായി. പിന്നാലെ മറ്റ്​ കൊലപാതകങ്ങളെ കുറിച്ചുള്ള വാർത്തകളും എത്തിക്കൊണ്ടിരുന്നു. അഫാ​ന്‍റെ പിതാവ്​ ദമ്മാമിൽ ആണെന്ന വാർത്ത പരന്നതോടെ അബ്​ദുറഹീമിന്‍റെ ഫോണിലേക്ക്​ നിരന്തരം കോളുകൾ എത്തിക്കൊണ്ടിരുന്നു. അപ്പോഴും ഒരാൾക്കും ഇദ്ദേഹത്തെ നാട്ടിലെത്തിക്കുന്നതിനുള്ള വഴി പറഞ്ഞുകൊടുക്കുവാൻ സാധിക്കുന്നുണ്ടായിരുന്നില്ല.

അബ്ദുറഹീം സാമൂഹികപ്രവർത്തകനായ നാസ് വക്കത്തിനൊപ്പം
വിവരമറിഞ്ഞെത്തിയ നാസ്​ വക്കം ആശ്വസിപ്പിക്കുകയും നേരെ അടുത്തുള്ള പൊലീസ്​ സ്​റ്റേഷനിലേക്ക്​ കൂട്ടിക്കൊണ്ട്​ പോവുകയും ചെയ്​തു. ജവാസത്​ (സൗദി പാസ്​പോർട്ട്​ വകുപ്പ്​) സിസ്​റ്റം പരിശോധിച്ചപ്പോൾ ഒരു തരത്തിലുള്ള കേസും​ ഇദ്ദേഹത്തിന്‍റെ പേരിലില്ലെന്ന്​ മനസിലായി.

ത​ന്‍റെ കീഴിൽനിന്ന്​ ഒളിച്ചോടിയെന്ന്​ സ്​പോൺസർ പരാതിപ്പെട്ട്​ ‘ഹുറുബ്​’ കേസിൽപ്പെടുത്തിയിട്ടുണ്ടോ എന്ന സംശയം അബ്​ദുറഹീമിന് നേരത്തെ തന്നെയുണ്ടായിരുന്നു. ദീർഘകാലം റിയാദിൽ കാർ ആക്​സറീസ്​ ബിസിനസിൽ ഏർപ്പെട്ടിരുന്നു, അ​തൊക്കെ നഷ്​ടമായ ശേഷം ഒന്നര മാസം മുമ്പാണ്​ ദമ്മാമിലേക്ക്​ വന്നതും. കുറെക്കാലമായി സ്​പോൺസറെ കണ്ടിട്ടുമില്ല. എന്നാൽ തനിക്കെതിരെ അങ്ങനെയൊരു കേസും സ്​പോൺസർ നൽകിയി​ട്ടില്ലെന്ന്​ രേഖകൾ പരിശോധിച്ചപ്പോൾ ബോധ്യമായി.

എന്നാൽ ഇഖാമയുടെ കാലാവധി കഴിഞ്ഞിട്ട്​ മൂന്ന്​ വർഷമായിരുന്നു. മൂന്ന്​ വർഷത്തെ ഇഖാമ ഫീസും ലെവിയും പുതുക്കാൻ വൈകിയതിലുള്ള പിഴയും സഹിതം ഏതാണ്ട്​ അരലക്ഷത്തോളം റിയാൽ അടച്ചാൽ മാത്രമേ അതുമൂലമുള്ള നിയമകുരുക്ക്​ അഴിച്ച്​ നാട്ടിലേക്ക്​ പോകാനാവൂ.​ എന്നാൽ ഇതിനുള്ള പണം കണ്ടെത്താൻ ഒരു മാർഗവും റഹീമിന്​ മുന്നിലുണ്ടായിരുന്നില്ല. നടത്തിയിരുന്ന കച്ചവടം തകർന്നതിനാൽ വൻ സാമ്പത്തികബാധ്യതയും ഉണ്ട്​.

വിമാനത്താവളത്തിൽ
ഡോ. സിദ്ധീഖ്​ അഹമ്മദിനെ പോലുള്ള പ്രവാസി വ്യവസായികൾ സഹായം വാഗ്​ദാനം ചെയ്​ത്​ നാസ്​ വക്കത്തെ ബന്ധപ്പെട്ടിരുന്നു. എന്നാൽ സൗദി നാടുകടത്തൽ (തർഹീൽ) കേന്ദ്രം, പാസ്​പോർട്ട്​ വിഭാഗം എന്നിവയുടെ മേധാവികളെ നേരിൽ കണ്ട്​ ദയനീയസ്ഥിതി ബോധ്യപ്പെടുത്തിയതോടെ മനസലിഞ്ഞ അവർ സഹായിക്കാൻ സന്നദ്ധമാവുകയായിരുന്നു.

അബ്​ദുറഹീമിനെ നാസ്​ ദമ്മാം നാടുകടത്തൽ കേന്ദ്രത്തിൽ നേരിട്ട്​ ഹാജരാക്കി. സാധാരണ ഒരാൾ നാടുകടത്തൽ കേന്ദ്രത്തിലെത്തിയാൽ മൂന്ന്​ ദിവസം കഴിഞ്ഞ്​ മാത്രമേ നടപടിക്രമങ്ങൾ ആരംഭിക്കുകയുള്ളു. കുറഞ്ഞത്​ ഏഴ് ദിവസമെങ്കിലും കഴിയാതെ നടപടികൾ​ പൂർത്തിയാക്കലും സാധ്യമല്ല. എന്നാൽ അധികൃതർ കനിഞ്ഞപ്പോൾ ഒറ്റ ദിവസം കൊണ്ട് എല്ലാ നിയമകുരുക്കും അഴിച്ച്​ ഫൈനൽ എക്​സിറ്റ്​​ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ നാസ് വക്കത്തിനായി.​

Leave a Reply

Your email address will not be published. Required fields are marked *