ഡല്‍ഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെട്ടൽ പുരോഗമിക്കുമ്പോൾ ഭരണമുറപ്പിച്ച് ബിജെപി. 27 വർഷത്തിനുശേഷമാണ് രാജ്യതലസ്ഥാനത്ത് ബിജെപിയുടെ തിരിച്ചുവരവ്. നിലവിൽ ബി.ജെ.പി 47 സീറ്റിൽ മുന്നിലാണ്. 23 സീറ്റിലാണ് ആം ആദ്മിയുടെ ലീഡ്.
തുടർച്ചയായ മൂന്നാം തവണയും കോൺഗ്രസിന് ഒറ്റ സീറ്റുപോലും നേടാനായില്ല. ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്‍രിവാൾ ബിജെപിയുടെ പർവേശ് വർമയോട് തോറ്റു. മുഖ്യമന്ത്രി അതിഷി കൽക്കാജി സീറ്റിൽ വിജയിച്ചു.
പടനായകർ തന്നെ അടിതെറ്റിവീണതോടെ ഡൽഹിയിൽ ആംആദ്മിക്ക് അടിപതറി. വോട്ടണ്ണലിന്‍റെ തുടക്കം മുതൽ കണ്ടത് ബിജെപിയുടെ കുതിപ്പ്. ന്യൂഡൽഹിയിൽ കെജ്‍രിവാൾ ആവനാഴിയിൽ ആയുധമേതുമില്ലാതെ കീഴടങ്ങി. രാഷ്ട്രീയ ജീവിതത്തിലെ ആദ്യ തെരഞ്ഞെടുപ്പ് പരാജയമാണ് കെജ്‍രിവാളിന്‍റേത്.
തോറ്റെങ്കിലും നേതാക്കളിൽ പൊരുതി നിന്നത് മനീഷ് സിസോദിയ മാത്രം. ദക്ഷിണ ഡൽഹിയിലെ ബിജെപി കുതിപ്പാണ് നിയമസഭയിൽ ബിജെപി മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചത്. ദക്ഷിണ ഡൽഹിയിലും ആഞ്ഞടിച്ചത് ബിജെപി തരംഗം. ഡൽഹി കലാപമുണ്ടായ മേഖലകളിൽപോലും ബിജെപി മേൽക്കൈ നേടി. തലസ്ഥാനം താമര ചൂടിയ ആഘോഷത്തിലാണ് ബിജെപി ആസ്ഥാനം.
പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകിട്ട് പ്രവർത്തരെ അഭിസംബോധന ചെയ്യും. മുഖ്യമന്ത്രിയെ കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ പറഞ്ഞു. ഭരണ വിരുദ്ധവികാരവും അഴിമതി ആരോപണങ്ങളും ആംആദ്മി പാർട്ടിക്ക് തിരിച്ചടിയായപ്പോൾ സർവ അടവും പയറ്റിയാണ് കാൽ നൂറ്റാണ്ടിന് ശേഷം ബിജെപി തലസ്ഥാനത്ത് താമര വിരിയിക്കുന്നത്. ത്രികോണ മത്സരത്തിന്‍റെ പ്രതീതി ജനിപ്പിച്ച കൊണ്ടുപിടിച്ച പ്രചാരണകോലാഹലങ്ങൾകൊണ്ടും കോൺഗ്രസിന് ഡൽഹിയിൽ ഇത്തവയും ഒറ്റസീറ്റ് പോലും നേടാനായില്ല. വോട്ടിങ് ശതമാനത്തിലെ നേരിയ വർധന മാത്രമാണ് നേട്ടം.
Leave a Reply