സൗദി അറേബ്യയിൽ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്കിൽ വൻ കുറവ് രേഖപ്പെടുത്തി. ഈ വർഷം ആദ്യ പാദത്തിൽ സ്വദേശി തൊഴിലില്ലായ്മ നിരക്ക് 6.4 ശതമാനമായി കുറഞ്ഞു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സാണ് ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടത്. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 0.8 ശതമാനത്തിന്റെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. വിഷൻ 2030ന്റെ ഭാഗമായി രാജ്യം നടപ്പിലാക്കിവരുന്ന സാമ്പത്തിക പരിഷ്കാരങ്ങളും സ്വദേശിവൽക്കരണ നടപടികളും ലക്ഷ്യം കാണുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ പുതിയ കണക്കുകൾ. വിദേശികളടക്കമുള്ള രാജ്യത്തെ ആകെ ജനസംഖ്യയിലെ തൊഴിലില്ലായ്മ നിരക്ക് 3.1 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇത് മുൻവർഷത്തേക്കാൾ 0.4 ശതമാനം കുറവാണ്. രാജ്യത്തെ പുരുഷന്മാർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 2.2 ശതമാനവും സ്ത്രീകൾക്കിടയിൽ 7.2 ശതമാനവുമാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.
സൗദി ചരിത്രത്തിൽ വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറഞ്ഞ നിലയിലെത്തി എന്നതാണ് ഈ റിപ്പോർട്ടിന്റെ ഏറ്റവും വലിയ സവിശേഷത. സൗദി വനിതകളുടെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ പാദത്തിലെ 10.3 ശതമാനത്തിൽ നിന്നും ഒൻപത് ശതമാനമായി കുറഞ്ഞു. പുരുഷന്മാർക്കിടയിലെ നിരക്ക് 5.6 ശതമാനത്തിൽ നിന്ന് 4.9 ശതമാനമായും കുറഞ്ഞിട്ടുണ്ട്. പ്രാദേശിക തലത്തിൽ പരിശോധിക്കുമ്പോൾ തലസ്ഥാന നഗരമായ റിയാദിലാണ് ഏറ്റവും കുറവ് തൊഴിലില്ലായ്മ ഉള്ളത്, വെറും 3.9 ശതമാനം മാത്രം. കിഴക്കൻ പ്രവിശ്യയിൽ അഞ്ച് ശതമാനവും അൽ ജൗഫിൽ 5.9 ശതമാനവുമാണ് നിരക്കുകൾ. എന്നാൽ വടക്കൻ അതിർത്തി പ്രവിശ്യയിലാണ് ഏറ്റവും ഉയർന്ന നിരക്ക് (9.9%) രേഖപ്പെടുത്തിയത്. തൊഴിൽ അന്വേഷിക്കുന്നവരിൽ 74.6 ശതമാനം പേരും തൊഴിലുടമകളെ നേരിട്ട് സമീപിക്കുന്ന രീതിയാണ് സ്വീകരിക്കുന്നത്. കൂടാതെ വലിയൊരു വിഭാഗം ആളുകൾ സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ സന്നദ്ധരാണെന്നും അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.









Leave a Reply