Advertisement

ചത്ത നിലയില്‍ കണ്ടെത്തിയ കടുവ സ്ത്രീയെ ആക്രമിച്ചുകൊന്ന കടുവ തന്നെയെന്ന് സ്ഥിരീകരണം

കല്‍പ്പറ്റ: വയനാട് പിലാക്കാവില്‍ ചത്ത നിലയില്‍ കണ്ടെത്തിയ കടുവ പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ ആക്രമിച്ചുകൊന്ന കടുവ തന്നെയെന്ന് സ്ഥിരീകരണം. വനം വകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചു. പുലര്‍ച്ചെ 12.30 ഓടെ കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും പിന്നീട്2.30 ഓടെ കടുവയെ കണ്ടെത്തി മയക്കുവെടി വെക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഓടിപ്പോയെന്നും സിസിഎഫ് ഉദ്യോഗസ്ഥ കെ എസ് ദീപ പ്രതികരിച്ചു.

പിന്നീടാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ മുറിവുകളുണ്ട്. പോസ്റ്റ് മോര്‍ട്ടം ചെയ്താല്‍ മാത്രമെ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്നും കെ എസ് ദീപ പറഞ്ഞു. ആഴത്തിലുള്ള മുറിവാണ് കടുവയ്ക്കുള്ളത്. മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിലാണ് മുറിവുണ്ടായതെന്നാണ് നിഗമനം.

വീടിന്റെ ഭാഗത്താണ് കടുവയെ ചത്തനിലയില്‍ കണ്ടെത്തിയതെന്നും ഈ പ്രദേശത്ത് നിന്നുതന്നെയാണോ മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടല്‍ ഉണ്ടായതെന്നതില്‍ വ്യക്തമല്ലെന്നും അരുണ്‍ സക്കറിയ പ്രതികരിച്ചു. കടുവയുടെ ശരീരത്തിലെ മുറിവിന് പഴക്കമുണ്ട്. അതിനാല്‍ മുറിവ് ഉണ്ടായ ശേഷം ഈ പ്രദേശത്തേക്ക് എത്തിയതെന്ന സംശയത്തിലാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമെ കടുവ ചത്തതിന്റെ കാരണം സ്ഥിരീകരിക്കാനാവൂ എന്നും അരുണ്‍ സക്കറിയ പറഞ്ഞു. ഏഴ് വയസ് വരെ തോന്നിക്കുന്ന കടുവയാണ് ചത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *