Advertisement

‘ടീം സതീശൻ’; യുഡിഎഫ് മന്ത്രിസഭ പ്രഖ്യാപിച്ചു; സത്യപ്രതിജ്ഞ നാളെ

vs satheeshan

അനിശ്ചിതത്വങ്ങൾക്കൊടുവിൽ യുഡിഎഫ് മന്ത്രിമാരും വകുപ്പുകളുമായി. മന്ത്രി സഭയിൽ കെ.സി പക്ഷത്തിന് അപ്രമാധിത്യം. വി.ഡി.സതീശന്‍ മുഖ്യമന്ത്രി സ്ഥാനത്തോടൊപ്പം ധനവകുപ്പും തുറമുഖവും കൈകാര്യം ചെയ്യും. കോൺഗ്രസിൽ നിന്ന് 11 എംഎൽഎമാരും മുസ്ലിം ലീഗിൽ നിന്ന് അഞ്ച് പേരും മന്ത്രിസഭയിലെത്തും . അപ്രതീക്ഷിതമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ ജനീഷ് മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തിരുവഞ്ചൂർ സ്പീക്കറും ഷാനിമോള്‍ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറുമാകും. സത്യപ്രതിജ്ഞ നാളെ രാവിലെ പത്തിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും.

11 പേരാണ് കോൺഗ്രസിൽ നിന്ന് മന്ത്രിസഭയിലേക്കെത്തുന്നത്. മുഖ്യമന്ത്രി സ്ഥാനത്തോടൊപ്പം ധനകാര്യം, തുറമുഖം വകുപ്പുകളും വി.ഡി സതീശനാണ് കൈകാര്യം ചെയ്യുക. നിയമവകുപ്പും മുഖ്യമന്ത്രിക്കായിരിക്കുമെന്നാണ് വിവരം. ആഭ്യന്തരം, വിജിലൻസ് വകുപ്പുകൾ ഏറ്റെടുത്ത് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല നാളെ സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ഇടഞ്ഞുനിൽക്കുകയായിരുന്ന ചെന്നിത്തലയെ ആഭ്യന്തര വകുപ്പ് നൽകാമെന്ന് പറഞ്ഞാണ് കോൺഗ്രസ് നേതാക്കൾ അനുനയിപ്പിച്ചത്. ഇവരെ കൂടാതെ, സണ്ണി ജോസഫ്, കെ. മുരളീധരൻ , എ.പി അനിൽകുമാർ, പി.സി വിഷ്ണുനാഥ്, ടി.സിദ്ദിഖ്, ഒ.ജെ ജനീഷ്, ബിന്ദു കൃഷ്ണ, റോജി എം ജോൺ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി.പി ജോൺ, അനൂബ് ജേക്കബ് എന്നിവരും മന്ത്രിമാരാകും.

മുസ്ലിം ലീഗിൽ നിന്ന് അഞ്ച് എംഎൽമാരും മന്ത്രിസഭയിലെത്തും. പി.കെ കുഞ്ഞാലിക്കുട്ടി, എൻ. ഷംസുദ്ദീൻ, കെ.എം ഷാജി, പി.കെ ബഷീർ, വി.ഇ അബ്ദുൽ ഗഫൂർ എന്നിവരാണ് ലീഗ് മന്ത്രിമാരാകുക. രണ്ടര വർഷം കഴിഞ്ഞാൽ കോഴിക്കോട് ജില്ലയിൽ നിന്ന് പാറക്കൽ അബ്ദുല്ല ടേം വ്യവസ്ഥയിൽ മന്ത്രിയാകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു.

14 പുതുമുഖങ്ങളാണ് ഇത്തവണ മന്ത്രിസഭയിലെത്തുന്നതെന്നും വകുപ്പുകളെല്ലാം ഏകദേശം തീരുമാനമായെന്നും നാളെ സമർപ്പിക്കുമെന്നും നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ അറിയിച്ചു. ‘നാളെ മുഖ്യമന്ത്രിയോടൊപ്പം സമ്പൂർണ്ണ മന്ത്രിസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യും. 20 യുഡിഎഫ് മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് സമർപ്പിച്ചിട്ടുണ്ട്. 21 പേരും നാളെ സത്യപ്രതിജ്ഞ ചെയ്യും. കോൺഗ്രസിന്‍റെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ എടുത്ത മന്ത്രിമാരുടെ പട്ടികയാണിത്. 63 കോൺഗ്രസ് എംഎൽഎമാരിൽ നിന്നും ഈ പട്ടികയിലേക്ക് ഉൾപ്പെടുത്താൻ സാധിക്കാതെ പോയ അർഹതപ്പെട്ട പലരുമുണ്ട്. സാമൂഹിക ഘടകങ്ങൾ ഉൾപ്പെടെ പരിഗണിക്കുമ്പോൾ എല്ലാവരെയും ഉൾപ്പെടുത്താൻ കഴിയാതെ പോകുന്നുണ്ട്. വളരെ അടുത്ത സഹപ്രവർത്തകരാണ് പലരും. പല മാനദണ്ഡങ്ങളും വെച്ചാണ് മന്ത്രിമാരെ നിശ്ചയിച്ചത്. പ്രാദേശികമായ ഘടകങ്ങളും ഇതിൽ പരിഗണിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട നേതാക്കളുമായി കൂടിയാലോചിച്ചാണ് ഈ തീരുമാനത്തിലേക്കെത്തിയിരിക്കുന്നത്’. സതീശൻ പ്രതികരിച്ചു.

എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് തീരുമാനമെടുക്കാൻ സാധിക്കില്ലെന്നും വകുപ്പുകളെല്ലാം മുഖ്യമന്ത്രി തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. ജനങ്ങളുടെ വിശ്വാസത്തിനനുസരിച്ച് മെച്ചപ്പെട്ട ഭരണമാണ് ലക്ഷ്യമെന്നും താൻ ഹാപ്പിയാണോ അല്ലയോ എന്നതിലല്ല കാര്യമെന്നും ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

യുഡിഎഫിന്‍റെ ആദ്യ ക്യാബിനറ്റിൽ വിസ്മയകരമായ തീരുമാനങ്ങളുണ്ടാകുമെന്നും കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയാനുള്ള സന്നദ്ധത ഹൈക്കമാൻഡിനെ അറിയിച്ചെന്നും നിയുക്ത മന്ത്രി സണ്ണി ജോസഫും പറഞ്ഞു. രണ്ട് സ്ഥാനങ്ങളും ഒന്നിച്ച് കൊണ്ടുപോകാൻ സാങ്കേതികമായ ബുദ്ധിമുട്ടുണ്ടെന്നും അന്തിമ തീരുമാനം ഹൈക്കമാൻഡിന്‍റേതെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.

നാളെ രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കും. ചടങ്ങിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി വിജയിയെ ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുത്തേക്കില്ലെന്നാണ് വിവരം. തെലങ്കാന, ഹിമാചൽ മുഖ്യമന്ത്രിമാർ ഇന്നെത്തും.

 

Leave a Reply

Your email address will not be published. Required fields are marked *