കണ്ണൂര്‍: കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ ഉടന്‍ മാറ്റില്ലെന്ന് സുധാകരന് ഹൈക്കമാന്‍ഡില്‍ നിന്ന് ഉറപ്പ് ലഭിച്ചു. പ്രസിഡന്റ് സ്ഥാനത്തു നിന്നു മാറ്റിയാല്‍ എം പിസ്ഥാനത്തുനിന്നു രാജിവയ്ക്കുമെന്നതടക്കം സുധാകരൻ ഭീഷണി ഉയർത്തിയെന്നും ആ ഭീഷണി ഫലം കണ്ടതായാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. പ്രസിഡന്റ് പദവിയില്‍ നിന്നു പുറത്താകുന്ന സുധാകരനു വേണ്ടി ബി ജെ പി വലവിരിക്കുമെന്നും നേതൃമാറ്റ ചര്‍ച്ചകള്‍ ഇടതു മുന്നണിക്കാണു ഗുണം ചെയ്യുകയെന്നും പാര്‍ട്ടിയുടെ അഭ്യുദയ കാംക്ഷികള്‍ നേതൃത്വത്തെ അറിയിച്ചതും സുധാകരന് തുണയായി.
ദീപാ ദാസ് മുന്‍ഷി നടത്തുന്നത് പുനസ്സഘടനാ ചര്‍ച്ചകള്‍ മാത്രമാണെന്നും സുധാകരനെ വിശ്വാസത്തിലെടുക്കാതെ ഒരു തീരുമാനവും ഉണ്ടാകില്ലെന്നും ആണ് സുധാകരനെ അറിയിച്ചത്. താന്‍ അറിയാതെ വി ഡി സതീശന്റെ നടത്തുന്ന നീക്കങ്ങല്‍ക്കെതിരെ സുധാകരന്‍ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് എഐ സി സിയുടെ മറുപടി. തനിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ട് എന്നതടക്കം നടക്കുന്ന പ്രചാരണങ്ങളില്‍ കടുത്ത അസംതൃപ്തി പ്രകടിപ്പിച്ച കെ സുധാകരനുമായി കെ സി വേണുഗോപാല്‍ ഇന്ന് കൂടിക്കാഴ്ച നടത്തും.
ബെന്നി ബെഹനാന്‍, അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, സണ്ണി ജോസഫ്, റോജി എം ജോണ്‍ തുടങ്ങിയ പേരുകള്‍ കെപിപിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കെ സുധാകരനെ മാറ്റുന്നതിനെതിരെ കെ മുരളീധരന്‍ അടക്കമുള്ള നേതാക്കള്‍ എതിരാണ്. നേതൃമാറ്റം സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും അതേക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ട് പോലുമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ഇപ്പോള്‍ പാര്‍ട്ടിയില്‍ ചര്‍ച്ചയില്ല. എന്നാല്‍ ഡി സി സി ഭാരവാഹി തലത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകും.
കെ സുധാകരനെ മാറ്റണമെന്ന ആവശ്യം ഹൈക്കമാന്‍ഡിനോട് തങ്ങളാരും ഉന്നയിച്ചിട്ടില്ലെന്നാണ് മുരളീധരന്‍ പറഞ്ഞത്. ഇക്കാര്യം തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണ്. കെ സുധാകരന് ഒരു ആരോഗ്യ പ്രശ്‌നവുമില്ല. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് സര്‍വേ നടത്തുന്നതില്‍ തെറ്റില്ല. പാര്‍ട്ടി വേദിയില്‍ ഇക്കാര്യം അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും മുരളീധരന്‍ പ്രതികരിച്ചു.
Leave a Reply