Advertisement

യു.ഡി.എഫ്.വേദിയിൽ ലീഗ് നേതാവിന് ഡി.സി.സി.ജനറൽ സെക്രട്ടറിയുടെ മർദനം

 

കൊല്ലം: യു.ഡി.എഫ്.വേദിയിൽ മുസ്‌ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റിനെ ഡി.സി.സി. ജനറൽ സെക്രട്ടറി മർദിച്ചു. ഇതേത്തുടർന്ന് ലീഗ് അംഗങ്ങൾ പരിപാടി ബഹിഷ്കരിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ വികസനമുരടിപ്പിനെതിരേ സംഘടിപ്പിച്ച യോഗത്തിലാണ് സംഘർഷമുണ്ടായത്.

യു.ഡി.എഫ്. ചാത്തന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയാണ് പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിന്റെ വികസനമില്ലായ്മയിൽ മാർച്ചും പൊതുയോഗവും നടത്തിയത്. പൊതുയോഗത്തിനിടയിലാണ് ഡി.സി.സി. ജനറൽ സെക്രട്ടറി എ.ഷുഹൈബ് മുസ്‌ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് എസ്.എം.ഷെരീഫിനെ മർദിക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തത്.
ചടങ്ങിൽ പങ്കെടുത്ത എൻ.കെ.പ്രേമചന്ദ്രൻ എം.പി.യും കോൺഗ്രസ് നേതാക്കളും ഇതു തടയാൻ ശ്രമിച്ചു. സംഭവത്തെ തുടർന്ന് യോഗം അലങ്കോലപ്പെട്ടു. പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സംഭവത്തിൽ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സുൽഫിക്കർ സലാം എ.ഐ.സി.സി. സെക്രട്ടറി അറിവഴകനും കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനും യു.ഡി.എഫ്. കൺവീനർ എം.എം.ഹസനുമടക്കം പരാതി നൽകിയിട്ടുണ്ട്.
ഷുഹൈബിനെതിരേ കർശന നടപടി ഉണ്ടായില്ലെങ്കിൽ യു.ഡി.എഫ്.പരിപാടികളിൽനിന്ന് വിട്ടുനിൽക്കാനാണ് മുസ്‌ലിം ലീഗിന്റെ തീരുമാനം. യു.ഡി.എഫ്. നിയോജകമണ്ഡലം ചെയർമാൻ ഉൾപ്പെടെയുള്ളവർ സംഭവത്തിൽ മൗനംപാലിച്ചത് മുന്നണിയിൽ ചർച്ചയായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *