റിയാദ്- ലോകത്തെവിടെയുള്ളവർക്കും അഞ്ചുമിനിറ്റിനകം സൗദിയിലേക്കുള്ള സന്ദർശന വിസകൾ ലഭ്യമാക്കുമെന്ന് സൗദി ടൂറിസം മന്ത്രി അഹ്‌മദ് അൽ ഖത്തീബ്. ദാവോസ് വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്ദർശന വിസാ നടപടികൾ എളുപ്പമാക്കിയിട്ടുണ്ടെന്നും വിനോദ സഞ്ചാരമേഖലയിൽ രാജ്യം ഒരുപാട് മുന്നോട്ട് പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2030തോടെ ആഭ്യന്തര ഉത്പാദനത്തിൽ ടൂറിസം മേഖലയുടെ സംഭാവന പത്തു ശതമാനത്തിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സൗദിയിലെ മുഴുവൻ പ്രവിശ്യകളിലും ടൂറിസത്തിന് സാധ്യതയുണ്ട്. പുതിയ വിനോദ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി 5000 കോടി ഡോളറിലേറെ നിക്ഷേപങ്ങൾ നടത്തി വരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അൽ ഉല, റെഡ് സീ, സൗദി ഗ്രീൻ തുടങ്ങിയ പദ്ധതികൾ വിനോദ മേഖലക്ക് ഉണർവാകും. കോടിക്കണക്കിന് വൃക്ഷങ്ങൾ നടുന്ന പദ്ധതിയും സീറോ ന്യൂട്രാലിറ്റി പദ്ധതിയും ഇതിന്റെ ഭാഗമാണ്. മൊത്തം ആഭ്യന്തര ഉല്പാദനത്തിലെ നേരത്തെ ടൂറിസം മേഖല സംഭാവന ചെയ്തിരുന്നത് മൂന്ന് ശതമാനമായിരുന്നു. നിലവിൽ ഇത് അഞ്ചു ശതമാനമായി ഉയർന്നിട്ടുണ്ട്. രണ്ടായിരത്തി മുപ്പതോടെ മേഖലയുടെ സംഭാവന 10 ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.
Leave a Reply