റിയാദ്: ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ വിമാനത്തിൽ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി മദ്രസ അധ്യാപകൻ റിയാദിലെ ആശുപത്രിയിൽ അന്തരിച്ചു. എറണാകുളം പെരുമ്പാവൂർ ചെമ്പാരത്ത് കുന്ന് മഹല്ലിൽ മദ്രസ അധ്യാപകനായിരുന്ന, പള്ളിക്കവല മൗലൂദ് പുരം സ്വദേശി ബീരാസ് ഈരേത്ത് അലിയാർ (55) ആണ് മരിച്ചത്.
കഴിഞ്ഞ സെപ്റ്റംബർ 15ന് ഉംറ നിർവഹിച്ച് ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്കുള്ള ആകാശ് എയർലൈൻസ് വിമാനത്തിൽ മടക്ക യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം അടിയന്തരമായി റിയാദ് വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു.
പൈലറ്റ് മുൻകൂട്ടി വിവരം അറിയിച്ചതിനനുസരിച്ച് വിമാനത്താവളത്തിലെ ജീവൻരക്ഷാ ആരോഗ്യ പ്രവർത്തകർ അടിയന്തരമായി റിയാദിലെ കിങ് ഫഹദ് മെഡിക്കൽ സിറ്റിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ കഴിഞ്ഞ രാത്രിയോടെ നില വഷളായി മരണം സംഭവിക്കുകയായിരുന്നു. സ്വകാര്യ ഗ്രൂപ്പിൽ തീർഥാടകർക്ക് ഒപ്പമാണ് ഇദ്ദേഹം ഉംറ നിർവഹിക്കാൻ എത്തിയത്. ഒപ്പമുണ്ടായിരുന്നവർ വിസ കാലാവധി അവസാനിച്ചതിനാൽ തിരികെ മടങ്ങിയിരുന്നു.
അലിയാർ വീരാവു, സുലൈഖ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: ആരിഫ, മക്കൾ: സൂഫിയ, മുഹമ്മദ് യാസീൻ, മുഹമ്മദ് ഹദ്ദാദ്, ഇസ്മത് ചിസ്തി, ഗരീബ് നവാസ്. റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം റിയാദിൽ കബറടക്കും. നിയമനടപടികൾ പൂർത്തിയാക്കുന്നതിനും മരണാനന്തര സഹായങ്ങൾക്കുമായി കെഎംസിസി എറണാകുളം ജില്ലാ പ്രവർത്തകരുടേയും റിയാദിലെ പെരുമ്പാവൂർ പ്രവാസി അസോസിയേഷന്റെയും പ്രവർത്തകർ നേതൃത്വം നൽകുന്നു.
Leave a Reply